drugs

ബംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കുടുങ്ങി കൂടുതൽ താരങ്ങൾ. കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആൽവെയുടെ ബംഗ്ളാവിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഇന്നലെ റെയ്ഡ് നടത്തി.

ഹെബ്ബാൾ തടാകത്തോട് ചേർന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്തെ ആദിത്യയുടെ 'ഹൗസ് ഒഫ് ലൈഫ്' ബംഗ്ലാവിലാണ് പരിശോധന നടത്തിയത്. ഇവിടെ വച്ച് ആദിത്യ ആൽവയും മറ്റു പ്രതികളും ചേർന്ന് മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായാണ് സി.സി.ബിയുടെ കണ്ടെത്തൽ. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് സി.സി.ബി അറിയിച്ചു.

അതിനിടെ,​ കന്നഡ സിനിമയിലെ താരദമ്പതികളായ ദിഗ്നാഥ് മാഞ്ചലേക്കും ഐന്ദ്രിത റായ്ക്കും സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഇന്ന് സി.സി.ബിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കന്നഡ സിനിമയിലെ പ്രശസ്തരായ യുവതാരങ്ങളാണ് ഇരുവരും. പത്ത് വർഷത്തെ പ്രണയത്തിന് ശേഷം 2008ലാണ് ഇവർ വിവാഹിതരായത്.

അന്വേഷണം ശ്രീലങ്കയിലേക്കും

ബംഗളൂരുവിൽ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ലഹരി മരുന്ന് കടത്തിയതിന്റെ തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് പൊലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ചൂതാട്ടകേന്ദ്രം നടത്തിപ്പിൽ പങ്കാളികളായ ബംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സ‍ഞ്ജന ഗൽറാണിയും തമ്മിൽ ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിർമാതാവ് പ്രശാന്ത് സമ്പർഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തെരച്ചിൽ പൊലീസ് വ്യാപകമാക്കി.

രാഗിണി, ശശികലയ്ക്ക് അടുത്ത സെല്ലിൽ


ഈ മാസം 4ന് അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, കൊച്ചി കലൂർ സ്വദേശി നിയാസ് മുഹമ്മദ്, സെനഗൽ പൗരൻ ലോം പെപ്പർ സാംബ, പ്രശാന്ത് രങ്ക, രാഹുൽ ഷെട്ടി എന്നിവരെ ബംഗളൂരു മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരെ പാരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. നടുവേദനയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്ന രാഗിണിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആവശ്യമെങ്കിൽ ജയിലിലെ ആശുപത്രിയിൽ ചികിത്സതേടാമെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ അനധികൃത സ്വത്തുകേസിൽ തടവ് അനുഭവിക്കുന്ന, അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്. നടിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും.