arunachal-

ന്യൂഡൽഹി : ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോഴും അധികാരക്കൊതിയുമായി മറ്റുള്ളവരുടെ മണ്ണിലേക്ക് കണ്ണുവച്ച് കുറുക്കനെ പോലെ ചൈന. ലഡാക്കിൽ ഇന്ത്യൻ അതിർത്തി പ്രദേശത്ത് ചൈനീസ് കടന്നു കയറ്റവുമായി ബന്ധപ്പെട്ട സംഘർഷ സാദ്ധ്യത നിലനില്ക്കുന്നതിനിടെ കൂടുതൽ ഇന്ത്യൻ പ്രദേശങ്ങളിലേക്ക് ചൈനീസ് സേന കടന്നുകയറ്റം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

അരുണാചൽ പ്രദേശിനോട് ചേർന്ന അതിർത്തി പ്രദേശത്ത് ചൈനീസ് സേന വിന്യാസം നടത്തുന്നുവെന്നത് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അരുണാചൽ അതിർത്തിയ്ക്ക് സമീപമുള്ള നാല് ചൈനീസ് പ്രദേശത്താണ് ചൈനീസ് സേന താവളമുറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് നോട്ടമിട്ടാണ് ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. അസഫില, ചാംഗ് സെ, ട്യൂട്ടിംഗ് ആക്സിസ്, ഫിഷ് ടെയ്ൽ - 2 സെക്ടറുകൾ തുടങ്ങിയ അരുണാചൽ പ്രദേശങ്ങൾക്ക് എതിരായിട്ടാണ് ചൈനീസ് പ്രദേശങ്ങളിൽ സേന ക്യാമ്പ് ചെയ്തിരിക്കുന്നത്. അരുണാചലിലെ പർവത പ്രദേശങ്ങളാണിവ. ലഡാക്കിലേത് പോലെ ഈ മേഖലകളിലും സംഘർഷാവസ്ഥ സൃഷ്ടിക്കാനാണോ ചൈനയുടെ നീക്കം എന്നാണ് ഇപ്പോൾ ഇന്ത്യ നിരീക്ഷിക്കുന്നത്.

അരുണാചൽ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ചൈനീസ് സേന സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ സൈനിക നീക്കത്തിനെതിരെ ഇന്ത്യൻ സൈന്യവും ജാഗ്രതയിലാണ്. കൂടുതൽ ഇന്ത്യൻ സൈന്യം ഈ ഭാഗങ്ങളിൽ നിലുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന ചൈനീസ് റോഡുകളിലൂടെയുള്ള സൈനികരുടെ നീക്കങ്ങളും ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മുമ്പ് ഇല്ലാത്തവണ്ണം കൂടുതൽ ചൈനീസ് സൈനികർ ഈ മേഖലകളിൽ ഇന്ത്യൻ പ്രദേശങ്ങളോട് ചേർന്ന് പട്രോളിംഗ് നടത്തുന്നുണ്ടെന്നാണ് വിവരം.

ലഡാക്ക് മേഖലയിൽ ചൈന ഇനിയും പ്രകോപനമുണ്ടാക്കിയാൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്. ലഡാക്കിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഇനിയും അടവ് പയറ്റാനാകില്ലെന്ന് കണ്ടതോടെയാണ് ചൈന അരുണാചൽ അതിർത്തിയെ ലക്ഷ്യമിട്ട് കളംമാറ്റി ചവിട്ടാനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.