ദുബായ്: തൊഴിൽ രഹിതനായ ചെറുപ്പക്കാരന് ഒരു ബാഗ് നിറയെ പണവും സ്വർണവും ലഭിച്ചാൽ എന്താവും ചെയ്യുക. കളഞ്ഞ് കിട്ടിയതിനാൽ മിക്ക ആളുകളും അത് തങ്ങളുടെ സ്വന്തമാക്കാനാകും നോക്കുക. എന്നാൽ തനിക്ക് ലഭിച്ച് ബാഗിലുണ്ടായിരുന്ന 14000 അമേരിക്കൻ ഡോളറും 200,000 ദിനാർ വിലവരുന്ന സ്വർണവും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകിയിരിക്കുകയാണ് ജയിംസ് ഗുപ്ത എന്ന ഇന്ത്യക്കാരൻ. ജയിംസിന്റെ സത്യസന്ധതയെ പ്രശംസിച്ച് ദുബായ് പൊലീസ് അദ്ദേഹത്തിനെ ആദരിക്കുകയും ചെയ്തു.
ദുബായിലെ മെട്രോ സ്റ്റേഷനു സമീപം നിറുത്തിയിട്ടിരുന്ന തന്റെ കാറിന് സമീപത്തുനിന്നുമാണ് ജയിംസിന് ബാഗ് ലഭിക്കുന്നത്. അരമണിക്കൂറോളം ഉടമസ്ഥനായി കാത്തുനിന്നെങ്കിലും ആരേയും കാണാനായില്ല. ബാഗ് തുറന്ന് നോക്കിയപ്പോൾ ജയിംസിന്റെ കണ്ണുതള്ളി. നിറയെ സ്വർണവും പണവും.തൊഴിലില്ലായ്മ മൂലം ഏറെ സാമ്പത്തിക വെല്ലുവിളി നേരിടുന്ന ജയിംസ് ആ പണം സ്വന്തമാക്കാൻ ശ്രമിച്ചില്ല. ബാഗിനുളളിൽ മൂന്ന് അമേരിക്കൻ പാസ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് സ്വർണവും പണവും അടങ്ങിയ ബാഗ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു ജയിംസ്. ജയിംസിന്റെ സത്യസന്ധതയെ ആദരിച്ച് ദുബായ് പൊലീസ് അദ്ദേഹത്തിന് തങ്ങളുടെ സർട്ടിഫിക്കറ്റും സമ്മാനിച്ചു.
നഷ്ടപെട്ട ബാഗ് തിരിക്കെ ലഭിച്ചതിനെ തുടർന്ന് ഉടമസ്ഥൻ തന്നെ വിളിച്ച് നന്ദി അറിയിച്ചുവെന്നും ജയിംസ് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥനായ ജയിംസിന് ഒരാഴ്ച മുമ്പാണ് തന്റെ ജോലി നഷ്ടപ്പെടുന്നത്. പണത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ദെെവം തന്നെ പരീക്ഷിക്കുകയായിരുന്നുവെന്നാണ് ജയിംസ് പറയുന്നത്.