കൊല്ലം: കൊട്ടാരക്കര തലച്ചിറയിൽ പെട്രോൾ നിറച്ച കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം, അക്രമിസംഘം വന്നതെന്ന് കരുതുന്ന കാർ കസ്റ്റഡിയിലെടുത്തു. കാർ ഉടമയെ ചോദ്യം ചെയ്തുവരികയാണ്. തലച്ചിറ കുരുമ്പേ ജംഗ്ഷനിൽ കാരാപ്പള്ളിൽ വീട്ടിൽ രാജുവിന്റെ വീടിന് നേർക്ക് ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. രാജുവും കുടുംബവും പൂനെയിൽ സ്ഥിര താമസമാണ്. ആളില്ലാത്ത വീട്ടിലേക്കാണ് പെട്രോൾ കന്നാസ് എറിഞ്ഞത്. ശബ്ദംകേട്ട് അയൽ വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കാറിലാണ് അക്രമികൾ എത്തിയതെന്ന് വ്യക്തമായത്. ഇന്നലെ വൈകിട്ടോടെ കാർ കണ്ടെത്തിയെങ്കിലും തനിക്ക് സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് കാർ ഉടമ പറഞ്ഞത്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
നിമിഷ നേരം വൈകിയെങ്കിൽ..
കന്നാസ് സഹിതം പെട്രോൾ വീടിന് നേർക്കാണ് അക്രമികൾ എറിഞ്ഞത്. ഇത് വീടിന്റെ സിറ്റൗട്ടിലാണ് വീണത്. തൊട്ടുപിന്നാലെ കത്തിച്ച പന്തം എറിഞ്ഞെങ്കിലും ദിശതെറ്റി ഇത് കാർപോർച്ചിൽ വീണു. കന്നാസിൽ നിന്നും പെട്രോൾ പുറത്തേക്കൊഴുകി തീ പടർന്നിടത്തേക്ക് എത്തുംമുൻപെ അയൽവീട്ടുകാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. അകത്തും സിറ്റൗട്ടിലും തടികൊണ്ട് പാനലിംഗ് നടത്തിയ വീടായിരുന്നതിനാൽ തീ പടർന്നാൽ വീട് മുഴുവൻ കത്തി നശിച്ചേനെ. വീടിനെപ്പറ്റി കൃത്യമായി അറിവുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വിലയിരുത്തി. പ്രതികളെ പിടികൂടിയാൽ മാത്രമേ സംഭവത്തിന് പിന്നിലെ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.