ഓരോ ഐ.പി.എൽ സീസണും പുതിയ താരോദയങ്ങളുടേതും കൂടിയാണ്. ഐ.പി.എല്ലിൽ തങ്ങളുടെ കഴിവ് തെളിയിച്ചാൽ ദേശീയ ടീമിലേക്കുള്ള വാതിൽ വേഗം തുറക്കുമെന്ന് യുവതാരങ്ങൾക്ക് അറിയാം. അതുകൊണ്ടുതന്നെ കിട്ടുന്ന ചാൻസ് ഉപയോഗിക്കാനുള്ള വെമ്പലിലാണവർ. ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും ജസ്പ്രീത് ബുംറയുമൊക്കെ തങ്ങളുടെ തുടക്കകാലത്ത് ഐ.പി.എല്ലിൽ നടത്തിയ പ്രകടനങ്ങളാണ് വഴിത്തിരിവായതും. കൊവിഡ് കാരണം യു.എ.ഇയിലേക്ക് മാറ്റിയ 13-ാം സീസൺ ഐ.പി.എൽ ശനിയാഴ്ച തുടങ്ങാനിരിക്കേ കളം വാഴാൻ തയ്യാറെടുക്കുന്ന കന്നിക്കാരെക്കുറിച്ചറിയാം.
യശ്വസി ജയ്സ്വാൾ
രാജസ്ഥാൻ റോയൽസ്
ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിലെ മാൻ ഒഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട യശ്വസിയെ രാജസ്ഥാൻ റോയൽസ് 2.4 കോടി രൂപ നൽകിയാണ് സ്വന്തമാക്കിയത്. ലോകകപ്പിലെ ആറ് മത്സരങ്ങളിൽ നിന്ന് 400 ലധികം റൺസ് നേടിയ യശ്വസി ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. 18കാരനായ യശ്വസി ഒരേയൊരു ഫസ്റ്റ് ക്ളാസ് മത്സരം മാത്രമാണ് ഇതേ വരെ കളിച്ചിട്ടുള്ളത്. എങ്കിലും ഈ ഇടംകയ്യൻ ബാറ്റ്സ്മാനിൽ നിന്ന് ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷിക്കുന്നു.
റിതുരാജ് ഗേയ്ക്ക്‌വാദ്
ചെന്നൈ സൂപ്പർ കിംഗ്സ്
ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ കൊവിഡ് ബാധിതനായതിന്റെ പേരിലാണ് റിതു വാർത്തകളിൽ ഇടംപിടിച്ചതെങ്കിലും മികച്ച കളിക്കാരനാണ് താനെന്ന് തെളിയിക്കാനിരിക്കുകയാണ് ഈ 23കാരൻ. ആദ്യ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും തുടർന്ന് സുരേഷ് റെയ്നയ്ക്ക് പകരക്കാരനാകാൻ ധോണി റിതുവിനെ ക്ഷണിച്ചേക്കും.20 ലക്ഷം രൂപയ്ക്കാണ് റിതുവിനെ ചെന്നൈ സ്വന്തമാക്കിയിരുന്നത്.
രവി ബിഷ്ണോയ്
പഞ്ചാബ് കിംഗ്സ്
യശ്വസിയെപ്പോലെ കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ തിളക്കവുമായി ഐ.പി.എല്ലിലേക്ക് കടന്നുവന്നിരിക്കുകയാണ് രവി ബിഷ്ണോയ് എന്ന ലെഗ് സ്പിന്നർ. ബാറ്റ്സ്മാന്മാരെ വട്ടംകറക്കിയ രവിയുടെ ഗൂഗ്ലികൾ ക്രിക്കറ്റ് ലോകത്തെ വിദഗ്ധരെ അതിശയം കൊള്ളിച്ചിരുന്നു. ലോകകപ്പിലെ ആറ് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് രവി നേടിയത്. രണ്ടുകോടി രൂപയാണ് രവിക്ക് വേണ്ടി പഞ്ചാബ് മുടക്കിയിരിക്കുന്നത്.
അലക്സ് കാരേ
ഡൽഹി ക്യാപ്പിറ്റൽസ്
29 വയസായെങ്കിലും ഐ.പി.എല്ലിൽ അരങ്ങേറ്റക്കാരനാണ് ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരേ. ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷമാകും കാരേ ഡൽഹി ടീമിനൊപ്പം ചേരുക. ഡെൽഹി കോച്ച് റിക്കി പോണ്ടിംഗിന്റെ പരിഗണനാപ്പട്ടികയിലെ പ്രമുഖനാണ് കാരേ.കഴിഞ്ഞ വർഷത്തെ ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലും ഏകദിന ലോകകപ്പിലും സ്ഥിരതയാർന്ന പ്രകടനമാണ് കാരേ കാഴ്ച വച്ചത്. 2.4കോടി രൂപയ്ക്കാണ് ഡൽഹി കാരേയെ സ്വന്തമാക്കിയത്. കീപ്പിംഗ് ഗ്ളൗസ് റിഷഭ് പന്തിന് നൽകണോ കാരേയ്ക്ക് നൽകണോയെന്ന് പോണ്ടിംഗ് തീരുമാനിക്കും.
അലിഖാൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
പകരക്കാരന്റെ കുപ്പായത്തിൽ അപ്രതീക്ഷിതമായാണ് അലിഖാന്റെ ഐ.പി.എല്ലിലേക്കുള്ള വരവ്.ഐ.പി.എല്ലിൽ കളിക്കുന്ന ആദ്യ അമേരിക്കൻ താരമാകാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ വേരുകളുള്ള ഈ മീഡിയം പേസർ. അടുത്തിടെ അവസാനിച്ച കരീബിയൻ പ്രിമിയർലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് കൊൽക്കത്തയിലേക്കുള്ള വഴിതുറന്നത്. ഇംഗ്ളീഷ് പേസർ ഹാരി ഗൂർണിക്ക് പകരമാണ് അലിഖാൻ എത്തിയത്.
ഷെൽഡൺ കോട്ടെറൽ
പഞ്ചാബ് കിംഗ്സ്
രണ്ട് വർഷമായി വിൻഡീസ് ഏകദിന ,ട്വന്റി-20 ടീമിൽ സ്ഥിരസാന്നിദ്ധ്യമാണ് ഈ ഇടംകയ്യൻ സ്പിന്നർ.30 കാരനായ കോട്ടെറെലിന് ഇത്തവണ കരീബിയൻ പ്രിമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടിയത്. എന്നാൽ ഐ.പി.എല്ലിൽ ആ കുറവ് പരിഹരിക്കാനുറച്ചാണ് ഈ ജമൈക്കക്കാരന്റെ വരവ്. എട്ടരക്കോടി രൂപയാണ് കോട്ടെറെല്ലിനായി പഞ്ചാബ് കിംഗ്സ് മുടക്കിയിരിക്കുന്നത്.