ലക്‌നൗ: മുഖത്ത് മാസ്ക് വച്ച് ജുവലറിയിലെത്തിയ മാന്യൻമാർ, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി ശുദ്ധി വരുത്തിയ ശേഷം പോക്കറ്റിൽ കയ്യിട്ടു. പുറത്തെടുത്തത് തോക്ക്. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചൊരു മോഷണം. 35 ലക്ഷം രൂപയും 50,000 രൂപയും വിലമതിക്കുന്ന ആഭരണങ്ങളുമാണ് മൂന്നംഗ സംഘം കൊള്ളയടിച്ചത്.
ഉത്തർപ്രദേശിലെ അലിഗഡിലെ ബന്നാദേവി പ്രദേശത്തെ സരസോൾ ക്രോസിംഗിന് സമീപമുള്ള 'സുന്ദർ ജുവലേഴ്സിലാണ് സംഭവം.
രണ്ടുപേർ ആകസ്മികമായി കടയിലേക്ക് നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കടയിലെത്തിയ ഉടൻ കള്ളൻമാർ പോക്കറ്റിൽ ഒളിപ്പിച്ച തോക്ക് പുറത്തെടുത്തു. രണ്ട് പേരും തോക്കുചൂണ്ടി ജുവലറിയിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും ഭയപ്പെടുത്തുമ്പോൾ മൂന്നാമനെത്തി കൗണ്ടറിന് മുകളിലൂടെ ചാടിക്കടന്ന് ലോക്കറിൽ നിന്ന് പണവും ആഭരണങ്ങളും പുറത്തെടുക്കുന്നതും വീഡിയോയിൽ വ്യക്തം. ഈ സമയത്തെല്ലാം കള്ളന്മാരുടെ മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നു. കടക്കാരനും മറ്റ് ഉപഭോക്താക്കൾ ഭയപ്പെട്ട് അനങ്ങാതെ ഇരിക്കുന്നതും കാണാം. വെറും 30 സെക്കൻഡിനുള്ളിലാണ് കവർച്ച നടന്നത്.