pic

മുംബയ്: ഭാര്യയോടുളള സംശയത്തെ തുടർന്നാണ് റിട്ടയേഡ് നേവി ഉദ്യോഗസ്ഥൻ തന്റെ ബഡ്റൂമിലും വീടിന്റെ പരിസരത്തുമായി ക്യാമറ സ്ഥാപിച്ചത്. തന്റെയും മകളുടെയും സ്വകാര്യതയെ ഇത് ബാധിക്കുന്നുവെന്ന് പറഞ്ഞ് ക്യാമറകൾ നീക്കം ചെയ്യാൻ ഭാര്യ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ ഇതിന് തയ്യാറായില്ല. തുടർന്ന് ഇതിന്റെ പേരിൽ ഇയാൾ ഭാര്യയെ ഉപദ്രവിക്കുകയും മൊബെെൽ ഫോൺ തല്ലിപൊട്ടിക്കുകയും ചെയ്തു. പിന്നാലെ ഇയാൾ തന്റെ ആധാർ,പാസ്പോർട്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ എടുത്തുകൊണ്ട് പോയെന്നും ഇവർ പറയുന്നു.

ഭാർത്താവിന്റെ പീഡനത്തെ തുടർന്ന് പരാതി നൽകിയെങ്കിലും ഇത് സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ഇവർ പറഞ്ഞു. ജയ്‌ദീപ് വർമ്മ, ചന്ദ്രകാന്ത് ദവാനി എന്നീ അഭിഭാഷകരുടെ സഹായത്തോടെ പിന്നീട് ഇവർ കോടതിയെ സമീപിച്ചു. തുടർന്ന് വിഷയത്തിൽ കോടതി ഇടപെടുകയും മുൻനേവി ഉദ്യോഗസ്ഥനോട് ഭാര്യയെയും മകളെയും ഉപദ്രവിക്കരുതെന്നും നിർദേശം നൽകി.പ്രതിമാസം 40000 രൂപ ഇവർക്ക് ചിലവിന് നൽകാനും കോടതി വിധിച്ചു.

ഏറെ നാളായി ഭർത്താവിൽ നിന്നും പീഡനം നേരിടുന്നതായി ഈ സ്ത്രീ പറയുന്നു. സ്വന്തം കുടുംബത്തിൽ നിന്ന് ഇത്തരം ദുരവസ്ഥ നേരിടുമ്പോൾ നിയമപരമായി ആരുടെ സഹായം തേടണമെന്ന് ഇക്കാലത്ത് പോലും ചുരുക്കം ചില സ്ത്രീകൾക്ക് അറിയില്ല. ഇത്തരം സ്ത്രീകൾ ജീവതകാലം മുഴുവൻ ഈ ദുരവസ്ഥ നേരിട്ടേക്കാമെന്നതിന് തെളിവാണ് മുംബയിൽ നടന്ന ഈ സംഭവം.