നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷ നിറവിൽ നിൽക്കുന്ന ഉമ്മൻചാണ്ടി എന്ന സ്വന്തം അപ്പയെക്കുറിച്ച് പറയുകയാണ് മകൻ ചാണ്ടി ഉമ്മൻ..
ചില വീട്ടുവിശേഷങ്ങൾ..
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകനായി ജനിച്ചതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയ പ്രവർത്തകനെ ഓർത്തും ഞാൻ അഭിമാനിക്കുന്നു. രാഷ്ട്രീയക്കാരനെന്ന നിലയിൽ അദ്ദേഹം 101 ശതമാനം വിജയിച്ച നേതാവാണ്. ജനങ്ങളുമായി അടുത്ത് ഇടപഴകി ജനങ്ങളുടെ പൾസ് മനസിലാക്കി അവരോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണ് അപ്പ.
അപ്പയെ കിട്ടിയ ആ ദിനം
അപ്പയെ കാണാത്തതിൽ കുട്ടിക്കാലത്ത് എനിക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. കാരണം ഞാൻ ജനിക്കുമ്പോഴേ ഇങ്ങനെയൊരാളെ വീട്ടിൽ കാണാറില്ലായിരുന്നു. എന്നെ സംബന്ധിച്ച് രണ്ടു വയസ് വരെ അദ്ദേഹം അപരിചിതനായിരുന്നു. ഒരു ഹർത്താൽ ദിവസത്തിലാണ് ഞാൻ അപ്പയെ പരിചയപ്പെടുന്നത്. കാരണം അന്നാണ് അപ്പയെ മന:സമാധാനത്തോടെ വീട്ടിൽ കിട്ടിയത്. കുട്ടിക്കാലത്ത് അദ്ദേഹത്തോട് വലിയ പരിചയക്കുറവുണ്ടായിരുന്നു. അപ്പ വീട്ടിലുളള ഒരു ദിവസം എന്റെ ഓർമ്മയിൽ ഇല്ലായിരുന്നു. എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയായിരുന്നു.
ഞാൻ അയ്യടാ എന്നായി
ജീവിതത്തിൽ ഞങ്ങൾക്കുണ്ടായ ഏറ്റവും വലിയ വിഷമം കണ്ണൂരിൽ അദ്ദേഹത്തെ കല്ലെറിഞ്ഞതാണ്. ആ കല്ല് ഒരിഞ്ച് മാറി പോയിരുന്നെങ്കിൽ ഞങ്ങളെ സംബന്ധിച്ച് അത് തീരാ ദു:ഖമായി മാറുകയായിരുന്നു. വലിയ സങ്കടമുണ്ടായ മറ്റൊരു കാര്യമുണ്ട്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നൂറുദിന കർമ്മപരിപാടികൾ പ്രഖ്യാപിച്ചു. വീട്ടിൽ രാത്രി രണ്ട് മണിവരെ ഒറ്റയ്‌ക്കിരുന്ന് ഫയലുകൾ പഠിച്ച് അദ്ദേഹം ഒപ്പിടാൻ തുടങ്ങി. വെളുപ്പിന് നാല് മണിയ്‌ക്ക് എഴുന്നേറ്റ് വീണ്ടും ഫയലിന് മുന്നിലിരിക്കും. ഒരു ദിവസം ഞാൻ ഈ ഫയലുകളെടുത്ത് ഒളിപ്പിച്ച് വച്ചു. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് അദ്ദേഹം ഫയൽ തപ്പാൻ തുടങ്ങി. ഏഴു മണി ആയപ്പോൾ ഉറങ്ങികിടന്ന എന്റെയടുത്ത് വളരെ വിഷമിച്ച് ഫയലൊക്കെ എന്തിയേ എന്ന് ചോദിച്ച് അപ്പ വന്നുനിൽക്കുകയായിരുന്നു. ഞാൻ അയ്യടാ എന്ന് ആയി പോയ നിമിഷമായിരുന്നു അത്.
അമേരിക്കയിലെ പുതുപ്പള്ളിക്കാർ
1995ൽ അപ്പയും അമ്മയും കൂടി അമേരിക്കയിൽ പോയി. ഞാൻ വളരെയധികം ഫാമിലി അറ്റാച്ച്ഡായ ഒരാളാണ്. അവരെ കാണാതെ ആയപ്പോൾ അമേരിക്കയിൽ കിട്ടുന്ന നമ്പറിലേക്കൊക്കെ ഞാൻ വിളിക്കാൻ തുടങ്ങി. തിരിച്ചുവന്നപ്പോൾ ഫോൺബില്ല് കണ്ട് ഞെട്ടിയ അപ്പ 1998ൽ അമേരിക്കയിൽ പോയപ്പോൾ എന്നേയും കൊണ്ടുപോയി. അവിടെയൊരു പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രി 12 മണിയ്‌ക്കാണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തിയത്. അവിടെ ഞങ്ങളെ കാത്ത് പുതുപ്പളളിക്കാരായ രണ്ടുപേർ നിൽക്കുകയാണ്. പുതുപ്പളളിക്കാരൻ സാബുവും അദ്ദേഹത്തിന്റെ ഭാര്യയും. മുന്നൂറ് മൈൽ അപ്പുറമുളള വീട്ടിൽ ഭക്ഷണം ഉണ്ടാക്കിവച്ച് ഉമ്മൻചാണ്ടിയെ വിളിക്കാൻ വന്നതാണ് അവർ. ഞങ്ങളെയും കൊണ്ടവർ മൂന്നു മണിക്കൂർ യാത്ര ചെയ്‌ത് പാതിരാത്രി വീട്ടിലേയ്‌ക്ക് പോയി. ആഹാരം കഴിച്ച് വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്‌ത് രാവിലെ ഏഴ് മണിയ്‌ക്കാണ് ഞങ്ങൾ ഹോട്ടലിൽ എത്തിയത്. ലോകത്തെവിടെയൊക്കെ പുതുപ്പളളിക്കാരുണ്ടോ അവരെ സന്തോഷിപ്പിക്കുക, അവർക്ക് വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യുക അതൊക്കെയാണ് അപ്പയുടെ സന്തോഷം.
അപ്പയ്ക്കിഷ്ടം ചിരിപ്പടം
അപ്പയുടെ കൂടെ ഒരു കാലത്ത് സിനിമ കാണാനൊക്കെ പോയിട്ടുണ്ട്. 2005ന് ശേഷം അങ്ങനെ വലുതായി സിനിമയ്‌ക്കൊന്നും പോയിട്ടില്ല. 1994ൽ കാരുണ്യത്തിന്റെ പ്രീമിയർ ഷോ കാണാൻ പോയത് ഓർമ്മയുണ്ട്. ചിരിപ്പടങ്ങളാണ് അപ്പ കൂടുതൽ കണ്ടിട്ടുളളത്. ഞാനും അപ്പയും തീയേറ്ററിൽ സിനിമകൾ കണ്ട് ഒരുപാട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. റാംജിറാവു സ്‌പീക്കിംഗ്, യോദ്ധ തുടങ്ങി സിനിമകളൊക്കെ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച സിനിമകളാണ്. പിന്നെ ഈ ലോക്ക്ഡൗൺ കാലത്ത് കുറച്ചൊക്കെ സിനിമകൾ അപ്പയ്‌ക്ക് ടി.വിയിൽ കാണാൻ പറ്റിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഉപദേശങ്ങളൊന്നും അപ്പ എനിക്ക് തന്നിട്ടില്ല. രാഷ്ട്രീയത്തിലേക്കുള്ള എന്റെ വരവ് അപ്പ ഒരിക്കലും എതിർത്തിട്ടില്ല. കല്യാണം കഴിക്കുന്ന കാര്യമൊക്കെ നമ്മുടെ ചോയ്‌സിന് വിട്ടുതന്നിരിക്കുന്ന കാര്യങ്ങളാണ്. തൊഴിലടക്കം ഞങ്ങളുടെ ഒരു കാര്യത്തിലും ഇടപെടില്ല എന്നതാണ് അപ്പയുടെ സ്റ്റൈൽ.
ഡോക്ടർമാർ പറഞ്ഞു സംസാരിക്കരുത്!
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ദാവോസിൽ മഞ്ഞിൽ തെന്നിവീണ് അദ്ദേഹത്തിന്റെ കാലിന് പരിക്ക് പറ്റുന്നത്. ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു ഷോക്കായിരുന്നു. ദൈവം രക്ഷിച്ചുവെന്ന് മാത്രമേ പറയാനാകൂ. അദ്ദേഹത്തിന്റെ ആരോഗ്യവും ശബ്‌ദവുമൊക്കെയായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് എല്ലാ മതങ്ങളിലുംപ്പെട്ടവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. കോട്ടയത്തെ രാധചേച്ചി ദിവസവും ശിവസ്തോത്രം പാടിയാണ് അപ്പയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചത്. ഒമാനിൽ ആയൂബിന്റെ ഖബറിൽ എന്നെ കൊണ്ടുപോയി പ്രാർത്ഥിപ്പിച്ചവരുണ്ട്. നമ്മൾ വിചാരിച്ച പോലെ വലിയ വിഷയമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ശബ്‌ദത്തിന്റെ പ്രശ്‌നമായിരുന്നു. 2015ൽ ഒരിക്കൽ ഇതേ പ്രശ്‌നം വന്നിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. ചികിത്സിച്ച് ഭേദമായെങ്കിലും ഈ ഫെബ്രുവരിയിൽ ലോക്ക്ഡൗണിന് മുമ്പ് വീണ്ടും ചെറിയൊരു പ്രശ്‌നമുണ്ടായി. ജൂലായിൽ വീണ്ടും പ്രശ്‌നമുണ്ടായെങ്കിലും ഓഗസ്റ്റോടെ ശരിയായി. സംസാരിക്കാതിരിക്കുക എന്നതാണ് ഡോക്‌ടർമാർ ഇതിന് പറഞ്ഞിരിക്കുന്ന ഏക പ്രതിവിധി. എന്നാൽ അപ്പയെ കൊണ്ട് അത് സാധിക്കില്ല. മുഴുവൻ ശബ്ദവും തിരിച്ച് കിട്ടണമെങ്കിൽ സമ്പൂർണ വിശ്രമം വേണം. പക്ഷേ, സംസാരത്തിന് ഒരു കുറവുമില്ല. നിയമസഭാംഗത്വത്തിന്റെ അമ്പതാം വർഷത്തിന്റെ ഭാഗമായി മാദ്ധ്യമങ്ങൾക്ക് വേണ്ടി 20 അഭിമുഖങ്ങൾ അദ്ദേഹം കൊടുത്തു കഴിഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് അപ്പ സംസാരിക്കുന്നത്.
സൂര്യൻ തെളിഞ്ഞുതന്നെ
സോളാർ വിവാദം ഉൾപ്പടെ എല്ലാം അനാവശ്യമായിരുന്നു. ഇല്ലാത്ത വീഡിയോകൾ ഉണ്ടെന്ന് പറഞ്ഞ് അപ്പയ്ക്കെതിരെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു. ഹിറ്റ് ആന്റ് റൺ എന്ന നയമാണ് അവർ സ്വീകരിച്ചത്. ആ വ്യക്തിഹത്യകൾ ഞങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു. സൂര്യനെ കാർമേഘം മൂടിയാലും അവസാനം ആ സൂര്യൻ തെളിഞ്ഞ് തന്നെ നിൽക്കും. ആ സൂര്യൻ തെളിഞ്ഞ് വരാൻ അൽപ്പം സമയമെടുക്കും. അത് ചിലപ്പോൾ നാല് ദിവസമായിരിക്കും, അല്ലെങ്കിൽ നാല് വർഷമായിരിക്കും. നാല് വർഷത്തിനിപ്പുറം ആ സൂര്യൻ തെളിഞ്ഞ് തന്നെ നിൽക്കുകയാണ്. എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും ജനങ്ങൾക്ക് മനസിലായി. സത്യം എന്നെങ്കിലും തെളിയുമെന്ന വിശ്വാസമാണ് കുടുംബത്തിന് പിടിച്ചുനിൽക്കാൻ കരുത്ത് നൽകിയത്. എനിക്കെതിരെ ഒത്തിരി ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്റെ സഹോദരിക്കെതിരെ ഒരുപാട് അനാവശ്യങ്ങൾ പറഞ്ഞു. സത്യം തെളിയും എന്ന വിശ്വാസത്തിന്റെ പുറത്താണ് ഞങ്ങൾ ഒരു കേസ് പോലും കൊടുക്കാതെ ഇരുന്നത്.