drug

*കൊച്ചിയിലെ സംഘത്തിൽപ്പെട്ടവരെന്ന് സംശയം

തൃശൂർ: കഞ്ചാവും മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് റേഞ്ച് ടീം പിടി കൂടി. എറണാകുളം കണയന്നൂർ തമ്മനം സ്വദേശികളായ പെരുന്നിത്തറ സൗരവ് (22), തിട്ടയിൽ വീട്ടിൽ അലൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എൽ.എസ്.ഡി സ്റ്റാമ്പുകളും, പൗഡർ രൂപത്തിലും ഗുളികകളുമായുള്ള എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ 11ന് മണ്ണുത്തിയിൽ പിടി കൂടിയ കാസർകോട് സ്വദേശി അബ്ദുൾസലാമിനെ ചോദ്യം ചെയ്തതിൽ നിന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവർക്ക് കൊച്ചി,​ മട്ടാഞ്ചേരി മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കുകയാണ്.

സ്പീഡ് ബൈക്കിലായിരുന്ന യുവാക്കൾ ഹെൽമെറ്റിനുള്ളിലും ശരീരഭാഗങ്ങളിലും മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്നു.മയക്കുമരുന്ന് കൊടുക്കാനും വാങ്ങാനും പോകുമ്പോൾ കൗമാരപ്രായക്കാരായ പെൺകുട്ടികളെയും ഇവർ കൂടെ കൂട്ടാറുണ്ട്. വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണിത്. അതിവേഗ ബൈക്കുകളിൽ യാത്ര ചെയ്യാനുള്ള പെൺകുട്ടികളുടെ ഹരമാണ് മുതലെടുക്കുന്നത്. പെൺകുട്ടികളെ 'ചിക്ക് ' എന്നാണ് ഇവർ വിളിക്കുന്നത്. വഴിയിൽ വാഹന പരിശോധനയ്ക്കായി നിൽക്കുന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ് അടക്കമുള്ളവർ ഹെൽമെറ്റ് ധരിച്ചിരിക്കുന്നത് നോക്കും..പിന്നിൽ പെൺകുട്ടിയമുണ്ടെങ്കിൽ കടത്തിവിടാറുണ്ട്. മയക്കുമരുന്നിന്റെ രസക്കൂട്ട് വെവ്വേറെ കൊണ്ടുവന്ന് സ്റ്റാമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമാക്കി മാറ്റുന്ന വിദഗ്ദ്ധർ കേരളത്തിലുമുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചു.