ajit-doval

മോസ്കോ: പാകിസ്ഥാൻ സത്യവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ(എസ്.സി.ഒ) യോഗം ബഹിഷ്കരിച്ച് ഇന്ത്യ. കാശ്മീർ തങ്ങളുടെ ഭാഗമാക്കി കാണിക്കുന്ന ഭൂപടം പാകിസ്ഥാൻ പ്രദർശിപ്പിച്ചതിനെ തുടർന്ന് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത് .

ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗമാണ് ഡോവൽ ബഹിഷ്കരിച്ചത്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ഭൂപടം പ്രദർശിപ്പിക്കാൻ പാകിസ്ഥാനെ അനുവദിച്ചതിൽ യോഗത്തിന്റെ അദ്ധ്യക്ഷനായ റഷ്യയെ അജിത് ഡോവൽ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ പാകിസ്ഥാന്റെ ഈ മനോഭാവത്തെ തള്ളിപ്പറഞ്ഞുകൊണ്ട് റഷ്യയും നിലപാടെടുക്കുകയായിരുന്നു.

പാകിസ്ഥാന്റെഇത്തരത്തിലെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പ്രത്യാശ പ്രകടിപ്പിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ ജമ്മു കശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്ന ഭൂപടം പാകിസ്താൻ പുറത്തിറക്കിയിരുന്നു.