successful-women-

ന്യൂ‌ഡൽഹി: നാടും വീടും ഉപേക്ഷിച്ച് പോയി വർഷങ്ങൾക്ക് ശേഷം ലക്ഷ്യം നേടി തിരികെയെത്തുന്ന നായക കഥാപാത്രത്തെ നിരവധി സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഈ കഥ തന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് യു.പി സ്വദേശിനിയായ സഞ്ജു റാണി വർമ്മ എന്ന യുവതി. തന്റെ ലക്ഷ്യമായ സർക്കാർ ജോലി നേടി വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥയായിട്ടാണ് സഞ്ജു നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

2013ലാണ് തന്റെ സമ്മതമില്ലാതെ വീട്ടുകാർ സഞ്ജുവിന്റെ വിവാഹം നടത്താനൊരുങ്ങിയത്. തനിക്ക് പഠിക്കണമെന്നും വിവാഹം വേണ്ടെന്നും പറഞ്ഞുവെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. സഞ്ജു തന്റെ സ്വപ്നങ്ങളെ പറ്റി വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും ആരും പിന്തുണ നൽകിയില്ല. വീട്ടിൽ വിവാഹം നടത്താൻ തീരുമാനിച്ചതോടെയാണ് സഞ്ജു വീട്ടിൽ നിന്നും ഒളിച്ചോടിപോയത്. വീടുവിട്ടിറങ്ങിയതിനാൽ ഫീസ് നൽകാൻ പണമില്ലാതെയായി തുടർന്ന് തന്റെ ബിരുദാനന്തര ബിരുദ പഠനം സഞ്ജുവിന് ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ തന്റെ സ്വപ്നമായ സർക്കാർ ജോലി കെെവിടാൻ സഞ്ജു തയ്യാറായില്ല. വീട്ടുവാടക നൽകാനും മറ്റുചിലവുകൾക്കുമായി സഞ്ജു ട്യൂഷൻ ക്ലാസെടുക്കാൻ തുടങ്ങി. ഇതിൽ നിന്നും ലഭിച്ച വരുമാനത്തിലാണ് സഞ്ജു തന്റെ ലക്ഷ്യം നിറവേറ്റിയത്.

sanju-rani-verma

ജോലിയും പഠനവും ഒരുമിച്ചുകൊണ്ടു പോയി ഏഴ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് സഞ്ജുവിന് ജോലി ലഭിച്ചതായി അറിയിപ്പ് കിട്ടിയത്. 35 കാരിയായ സഞ്ജുവിന്റെ അടുത്ത ലക്ഷ്യം സിവിൽ സർവീസാണ്. സ്ത്രീകളുടെ സ്വപ്നങ്ങൾ അവർ ആഗ്രഹിച്ചാൽ നേടാനാകുമെന്നതിന് തെളിവാണ് സഞ്ജുവിന്റെ ജീവിതം. സ്ത്രീകളെ എന്നും അടിച്ചമർത്തുന്ന സമൂഹത്തിനും പുരുഷാധിപത്യത്തിനുമെതിരെയുളള വിജയമാണ് സഞ്ജു റാണി കെെവരിച്ചത്.