ന്യൂഡൽഹി: മുസ്ലിങ്ങൾ സർക്കാർ സർവീസുകളിലേക്ക് നുഴഞ്ഞുകയറുന്നു എന്ന ആശയം അടിസ്ഥാനമാക്കി സുദർശൻ ടിവിയിൽ പ്രദർശിപ്പിച്ചിരുന്ന ബിന്ദാസ് ബോൾ എന്ന പരിപാടി നിറുത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പരിപാടിയിലൂടെ ഇസ്ലാമിക സമൂഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഒരു സമുദായത്തെ ലക്ഷ്യംവച്ച് അപകീർത്തിപ്പെടുത്താനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
മുസ്ലിം സമുദായത്തിലുളളവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന വാർത്തയിലൂടെ സമുദായത്തിനെ അപകീർത്തിപെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിലയിരുത്തി. ഒരു വ്യക്തിയെയോ സമുദായത്തെയോ അപകീർത്തിപ്പെടുത്താനുളള ദൃശ്യമാദ്ധ്യമങ്ങളുടെ ശക്തി വളരെ വലുതാണെന്നും കോടതി പറഞ്ഞു. ടി.ആർ.പി റേറ്റിംഗിന് പിന്നാലെയാണ് ചാനലുകൾ പോകുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
മാദ്ധ്യമങ്ങളിൽ നിയന്ത്രണം നിലവിലുണ്ടെന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദം കോടതി തള്ളി. നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നെങ്കിൽ ടി.വിയിലൂടെ ഇത്തരം പരിപാടികൾ കാണേണ്ടിവരില്ലായിരുന്നുവെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു.യു.പി.എസ്.സിക്കെതിരായ ഇത്തരം വസ്തുതാ വിരുദ്ധമായ വാർത്തകൾ പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നും കോടതി വിലയിരുത്തി. എന്ത് അടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ നൽകാനാകുകയെന്നും കോടതി ചോദിച്ചു.
അതേസമയം ഒരു മാദ്ധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. ഹിന്ദു ഭീകരത ഉയർത്തിക്കാട്ടിയുളള പരിപാടികൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന കാര്യം തുഷാർ മേത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വാർത്തയുടെ പ്രസിദ്ധീകരണം കോടതിയ്ക്ക് എത്രത്തോളം നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.