തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. വോട്ടിംഗിനുളള സമയപരിധി വൈകുന്നേരം ആറുമണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടോ, പ്രോക്സി വോട്ടോ വേണമെന്നുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ മന്ത്രിസഭയില്‍ ചര്‍ച്ചയാകും.
സർക്കാരിനെതിരെ വലിയ തരത്തിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭായോഗം ചേരുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും യോഗം. യോഗത്തിൽ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനും സാദ്ധ്യതയുണ്ട്. രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച മന്ത്രിസഭ യോഗം റദ്ദാക്കിയിരുന്നത്.