msuthafa

കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച മദ്ധ്യസ്ഥൻ ആവശ്യപ്പെട്ട പ്രകാരം ആസ്തി ബാദ്ധ്യതകളുടെ കണക്കെടുക്കാൻ എത്തിയ ജീവനക്കാരനെ മദ്ധ്യസ്ഥന്റെ വീട്ടിൽ ബന്ദിയാക്കി മർദ്ദിച്ച സംഭവം വിവാദമായി.

മദ്ധ്യസ്ഥനും മുസ്ലിം ലീഗ് കാസർകോട് ജില്ലാ ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി, മുഹമ്മദ് കുഞ്ഞി, യു. എസ് ഹംസ, ഷാഹുൽ ഹമീദ്, ഹാരിസ്, ടി കെ ഹമീദ് കണ്ടാലറിയുന്ന മറ്റ് നാലുപേർ ഉൾപ്പെടെ 10 പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.

ഫാഷൻ ഗോൾഡ് മുൻ പി.ആർ.ഒ ചന്തേരയിലെ ടി.കെ മുസ്തഫയ്ക്കാണ് (50) കല്ലട്ര മാഹിൻ ഹാജിയുടെ വീട്ടിൽവച്ച് തിങ്കളാഴ്ച വൈകിട്ട് മർദ്ദനമേറ്റത്. നിക്ഷേപകരുടെ പണം നല്കാൻ ജീവനക്കാരുടെ സ്വത്തിന്റെ ആധാരം വേണമെന്ന വിചിത്രവാദം മദ്ധ്യസ്ഥനും എം.എൽ.എയെ അനുകൂലിക്കുന്നവരും ഉന്നയിച്ചതോടെയാണ് യോഗം കൈയ്യാങ്കളിയിലെത്തിയത്.

മണിക്കൂറുകളോളം വിചാരണ ചെയ്തശേഷം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയാണ് മർദ്ദിച്ചതെന്ന് മുസ്തഫ പറയുന്നു. വൈകിട്ട് ആറു മണിയോടെ മർദ്ദനമേറ്റ മുസ്തഫയെ ഒരു മണിക്കൂർ കഴിഞ്ഞ് സഹോദരനാണ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

''

മൂന്ന് ഗുണ്ടകൾ ചവിട്ടുകയും നെഞ്ചിന് കുത്തുകയും ചെയ്തു. ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല. പണത്തിന് മുഴുവൻ എഗ്രിമെന്റ് ഒപ്പിട്ടു തരണം. ഇല്ലെങ്കിൽ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന് പറഞ്ഞു. സ്വന്തമായി സ്ഥലംപോലും ഇല്ലാത്ത ഞാൻ പെങ്ങളുടെ വീട്ടിലും ഭാര്യവീട്ടിലുമാണ് താമസിക്കുന്നത്. എം.എൽ.എ യോട് ജൂവലറി നഷ്ടത്തിൽ ആകുന്ന കാര്യം പലതവണ പറഞ്ഞിരുന്നു.
ടി. കെ മുസ്തഫ

(മുൻ പി ആർ ഒ ഫാഷൻ ഗോൾഡ് ജൂവലറി )