arrest

കൊച്ചി: കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി നിസാറാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വാട്സാപ്പ് കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമാണ് ഗ്രൂപ്പിലൂടെ ആവശ്യപ്പെട്ടത്.

വിലക്കുകൾ ലംഘിച്ച് ഹൈക്കോടതി പരിസരത്ത് ഈമാസം 18ന് പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. അറുപതോളം അംഗങ്ങളുള്ള ഗ്രൂപ്പിനെക്കുറിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ സംസ്ഥാന നോഡൽ ഓഫീസർ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് അഷറഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്. പ്രോട്ടോകോൾ ലംഘിക്കാൻ അഹ്വാനം ചെയ്യുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.