ഗാസ: ഇസ്രായേലുമായി യു എ ഇ, ബഹ്റിൻ രാജ്യങ്ങൾ സമാധാന കരാറിൽ ഒപ്പുവച്ചതിനു പിന്നാലെ പാലസ്തീനിൽ പ്രതിഷേധം കനക്കുന്നു. ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന ബഹ്‌റിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെതന്നെ കടുത്ത ഭാഷയില്‍ പാലസ്തീന്‍ അപലപിച്ചിരുന്നു. ഗാസ മുനമ്പിൽ 100 കണക്കിന് പാലസ്തീനികളാണ് ചൊവ്വാഴ്ച പ്രതിഷേധിച്ചത്. കരാറിൽ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.
ഇതിനിടെ ഇവിടെ റോക്കറ്റ് ആക്രമണവും നടന്നിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും പാലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗാസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചത്. പാലസ്തീന്‍ അതോറിറ്റിയുടെ (പിഎ) ആസ്ഥാനമായ റാമല്ലയില്‍ നടന്ന പ്രകടനത്തിലും നിരവധിപേര്‍ പങ്കെടുത്തു.
രാജ്യദ്രോഹം', 'അധിനിവേശകരുമായി കരാര്‍ വേണ്ട', 'ലജ്ജയുടെ കരാറുകള്‍' തുടങ്ങിയ ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഗാസ മുനമ്പിലൂടെ നടന്നാല്‍ ഇസ്രയേല്‍ ഉപരോധത്തിനെതിരെ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ മാത്രം കാലുകള്‍ നഷ്ടപ്പെട്ട് ജീവച്ഛമായ നൂറുകണക്കിന് ഗാസ യുവാക്കളെ നിങ്ങള്‍ക്ക് കാണാമെന്ന് പാലസ്തീനി യുവാവ് എമാദ് എസ്സ പറഞ്ഞു.
പാലസ്തീനെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ മഞ്ഞുമലയുടെ അഗ്രം മാത്രമാണിതപ്പോൾ പുറത്തുവന്നത്. ഇസ്രായേലുമായി കരാറുകള്‍ ഉണ്ടാക്കി യു എ ഇയും ബഹ്‌റിനും ഇസ്രായേലിന്റെ ഈ കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയാണ്. വളരെ കുറഞ്ഞ വിലയ്ക്ക് പാലസ്തീന്‍ വിറ്റ നേതാക്കളുടെ നെറ്റിയില്‍ നാണക്കേടുണ്ടാക്കുന്നതാണ് ഈ ഇടപാടുകളെന്നും എമാദ് എസ്സ ആരോപിച്ചു.
യു എസ് ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അദ്ധ്യക്ഷതയിലായിരുന്നു ഇസ്രായേലുമായി യു എ ഇ, ബഹ്റിൻ രാജ്യങ്ങൾ സമാധാന കരാറിൽ ഒപ്പുവച്ചത്. എല്ലാ മേഖലയിലും യു എ ഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടി. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.