india-china

ന്യൂഡൽഹി: ഇന്ത്യയും-ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മോസ്‌കോയിൽവച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ചർച്ചകൾ നടത്തുന്നതിന് മുമ്പ് അതിർത്തിയിൽ വെടിവയ്പുണ്ടായെന്ന് റിപ്പോർട്ട്. സേനകൾ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്പ് നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാങ്കോംഗ് തടാകത്തിന് വടക്ക് ഫിംഗർ മൂന്ന് നാല് മേഖലകളിൽ വെടിവയ്പ് ഉണ്ടായെന്നാണ് സൂചന. ഈ മേഖലകളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ, ഇവരെ തുരത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ആകാശത്തേക്ക് വെടിവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനയും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിർത്താണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.

ജൂൺ 15ന് ഗൽവാൻ താഴ്‌വരയിൽ സംഘർഷമുണ്ടായതോടെയാണ് ഇന്ത്യ- ചൈന ബന്ധം കൂടുതൽ വഷളായത്. തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ 29,30 തീയതികളിലായി പാങ്കോംഗ് തടാകത്തിന്റെ കരയിൽ വെടിവയ്പുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അന്ന് ചൈനയാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.