isis

ന്യൂഡൽഹി: കേരളത്തിൽ ഐസിസ് സാന്നിദ്ധ്യമെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നും സെെബർ മേഖല സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി രേഖാമൂലം രാജ്യസഭയെ അറിയിച്ചു. ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എൻ ഐ എ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം‌ വ്യക്തമാക്കി. ഐസിസ് പ്രവർത്തനത്തിൽ രാജ്യത്താകെ 17 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇക്കഴിഞ്ഞ ജൂലായിൽ കേരളത്തില്‍ ഐസിസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സംഘടന സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട്(എടിഎസ്) ഡി ജി പി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അല്‍-ഖ്വയ്ദയില്‍ പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഉണ്ടെന്നാണ് യു എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.