തിരുവനന്തപുരം: ജോസ് കെ മാണി പോയ ക്ഷീണം തീർക്കാൻ ഇടതുമുന്നണിയിൽ നോട്ടമിട്ട് യു.ഡി.എഫ്. എൽ.ഡി.എഫിലെ ഒരു പ്രധാന കക്ഷിയെ യു.ഡി.എഫിലേക്ക് എത്തിക്കാനുളള നീക്കമാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ഇടപെട്ട് നടത്തുന്നത്. എൻ.സി.പിയിലെ ചില നേതാക്കളുമായി കോൺഗ്രസിലെ ചില നേതാക്കൾ ആശയവിനിമയം നടത്തിയെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിന് കോൺഗ്രസ്-എൻ.സി.പി നേതാക്കൾ തയ്യറായിട്ടില്ല.
കോൺഗ്രസ് ആശയങ്ങളുളള ജനാധിപത്യ പാർട്ടിയെന്ന നിലയിൽ എൻ.സി.പിയെ മുന്നണിയിലെത്തിക്കുന്നത് യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാക്കും എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. കേന്ദ്രത്തിൽ യു.പി.എയുടെ ഭാഗമായ എൻ.സി.പി കേരളം ഒഴിച്ചുളള മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറേ സർക്കാരിന് എൻ.സി.പിയും കോൺഗ്രസും ഒരുമിച്ചാണ് പിന്തുണ നൽകുന്നത്.
സംസ്ഥാനത്തെ പ്രമുഖരായ എല്ലാ എൻ.സി.പി നേതാക്കളും പഴയ കോൺഗ്രസുകാരാണ്. എന്നാൽ പാർട്ടി കാലങ്ങളായി ഇടതുമുന്നണിക്കൊപ്പമാണ് ഉറച്ച് നിൽക്കുന്നത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.മുരളീധരൻ എൻ.സി.പിയെ യു.ഡി.എഫ് പാളയത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഭൂരിപക്ഷം നേതാക്കളുടെയും എതിർപ്പിനെ തുടർന്ന് അത് നടന്നിരുന്നില്ല. ഒടുവിൽ എൻ.സി.പി വിട്ട് മുരളീധരൻ കോൺഗ്രസിൽ ചേരുകയായിരുന്നു.
കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമതിനായ താരിഖ് അൻവറിനെ കൊണ്ട് അണിയറ നീക്കങ്ങൾ നടത്താനുളള ശ്രമങ്ങളും കോൺഗ്രസ് നടത്തുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എൻ.സി.പിയുടെ സ്ഥാപക നേതാവാണ് താരിഖ് അൻവർ. 19 വർഷം പാർട്ടിയുടെ നെടുംതൂണായിരുന്ന താരിഖ് അൻവർ 2018ലാണ് ശരത് പവാറുമായി ഇടഞ്ഞ് കോൺഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തുന്നത്. താരിഖ് അൻവറിന്റെ കേരളത്തിലെ സാന്നിദ്ധ്യവും കേരള നേതാക്കളുമായുളള അടുപ്പവും എൻ.സി.പിയെ യു.ഡി.എഫിലേക്ക് എത്തിക്കുന്നതിന് തുണയാകുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ.
അതേസമയം താരിഖ് അൻവറിന് തങ്ങൾ ഒരു വിലയും നൽകില്ലെന്നും അദ്ദേഹത്തിന് സംസ്ഥാന നേതാക്കളെ സ്വാധീനിക്കാൻ കഴിയില്ലെന്നും കുട്ടനാട്ടിലെ എൻ.സി.പി സ്ഥാനാർത്ഥി തോമസ് കെ തോമസ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. പിണറായി സർക്കാരിനൊപ്പം ഉറച്ച് നിൽക്കാനാണ് പാർട്ടി തീരുമാനം. എൽ.ഡി.എഎഫിന് ഭരണതുടർച്ചയുണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പിയെ മൊത്തമായി എത്തിക്കാൻ സാധിച്ചില്ലെങ്കിലും ഒരു വിഭാഗത്തെ അടർത്തിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസ് നേതാക്കളും പാർട്ടിയിലുണ്ട്. എന്നാൽ എൻ.സി.പിയെ മുന്നണിയിൽ എത്തിക്കുന്നതിനായി നടത്തുന്ന നീക്കം മറ്റൊരു വിഭാഗം കോൺഗ്രസ് നേതാക്കൾ ശക്തമാക്കി എതിർക്കുന്നു. എൻ.സി.പിയെ മുന്നണിയിൽ എത്തിച്ചതു കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകില്ലെന്നും പകരം പരമാവധി കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താനുളള അവസരമായി ഇതിനെ കാണണമെന്നുമാണ് എൻ.സി.പിയുമായുള്ള അനൗദ്യോഗിക ചർച്ചകളെ എതിർക്കുന്ന നേതാക്കൾ പറയുന്നത്.
സംസ്ഥാനത്ത് നിലവിൽ രണ്ട് എം.എൽ.എമാരാണ് എൻ.സി.പിക്കുളളത്. മന്ത്രിയായ എ.കെ ശശീന്ദ്രന് പുറമെ മാണി സി കാപ്പനാണ് മറ്റൊരു എം.എൽ.എ. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മാണി സി കാപ്പൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പാല മാണി വിഭാഗം അഞ്ച് പതിറ്റാണ്ട് കൈവശം വച്ചിരുന്ന സീറ്റായിരുന്നു.