covid-india

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗബാധയുടെ ശക്തി കുറയുന്നില്ല. 24 മണിക്കൂറിനിടെ 90,123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1290 മരണം റിപ്പോർട്ട് ചെയ്‌തു. ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 50,20,360 പേർക്കാണ് ആകെ രാജ്യത്ത് രോഗം ബാധിച്ചത്. ഇതിൽ 39,42,361 പേർ രോഗമുക്തി നേടി. 9,95,933 പേർ നിലവിൽ ചികിത്സയിലാണ്. 82,066 പേർ രോഗം ബാധിച്ച് മരിച്ചു.ലോകത്ത് കൊവിഡ് മൂലം ഏ‌റ്റവുമധികം പേർ മരണമടഞ്ഞതിൽ അമേരിക്കയിലാണ്. 1,95,765. രണ്ടാമത് ബ്രസീൽ ആണ് 1,33,199 ആണ് ഇവിടെ മരണനിരക്ക്. ഇരു രാജ്യങ്ങൾക്ക് പിന്നിൽ മൂന്നാമതാണ് ഇന്ത്യ. രാജ്യത്തെ മരണനിരക്ക് 1.63 ശതമാനമാണ്.

രാജ്യത്ത് 40 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രോഗികളിലെത്താൻ 11 ദിവസം മാത്രമാണ് വേണ്ടിവന്നത്. ആദ്യത്തെ ഒരു ലക്ഷം പേരിലെത്താൻ വേണ്ടിവന്നത് 110 ദിവസമാണ്. തുടർന്ന് 10 ലക്ഷത്തിലെത്താൻ 59 ദിവസവും 20 ലക്ഷം എത്താൻ 21 ദിവസവും 30 ലക്ഷം എത്താൻ 16 ദിവസവും 40 ലക്ഷം എത്താൻ 13 ദിവസവുമാണ് വേണ്ടി വന്നത്. 11,16,842 സാമ്പിളാണ് ചൊവ്വാഴ്‌ച പരിശോധിച്ചത്. ഇതോടെ ആകെ 5,94,29,115 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. ഓഗസ്‌റ്റ് മാസത്തിൽ നടത്തിയ സീറോ സർവെയിൽ രോഗം ഭേദമായവരിൽ 30 ശതമാനത്തിനും വൈറസിനെതിരായ ആന്റിബോഡികൾ പ്രകടമല്ല എന്നാണ് കണ്ടെത്തിയത്.