വർക്കല: വർക്കല മേൽവെട്ടൂരിൽ മൂന്നംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. മേൽ വെട്ടൂർ കയറ്റാഫീസ് ജംഗ്ഷന് സമീപം ശ്രീലക്ഷ്മി യിൽ ശ്രീകുമാർ (58) ഭാര്യ മിനി ( 50 ) മകൾ അനന്തലക്ഷ്മി ( 26) എന്നിവരെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിഫൻസിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു ശ്രീകുമാർ. ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ വിശ്വസിച്ച് ചില കരാർ പണികൾ സബ് കോൺട്രാക്ട് നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. സബ് കോൺട്രാക്ടറും ശ്രീകുമാറും സംയുക്തമായി വസ്തുവകകൾ ബാങ്കിൽ പണയം വച്ച് ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നത് എങ്ങനെയെന്നത് സംബന്ധിച്ചാണ് അന്വേഷണം.
വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഭാര്യയും ഭർത്താവും സംയുക്തമായിട്ടാണ് ഒപ്പിട്ടിരിക്കുന്നത്. കോൺട്രാക്ടറെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടൂ. ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് വഞ്ചിച്ചു എന്ന പരാമർശമുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തതിൽ ശ്രീകുമാറിന് കോൺട്രാക്ടറായ തിരുവനന്തപുരം സ്വദേശി നൽകാനുള്ള തുക നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയെന്നാണ് അറിയുന്നത്. ഇയാൾ പണം നൽകാനുണ്ടെന്ന് പല തവണ ശ്രീകുമാറും ഭാര്യ മിനിയും അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. പണം ആവശ്യപ്പെടുമ്പോഴെല്ലാം കോൺട്രാക്ടർ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. സബ് കോൺട്രാക്ടർ നേരത്തെ കർണാടകയിൽ കരാർ പണികൾ ഏറ്റെടുത്ത് നടത്തിയതുമായി ബന്ധപ്പെട്ട് പലരെയും കബളിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ഇതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നതായും ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കൾ സൂചിപ്പിക്കുന്നു.
പണം വശ്യപ്പെടുമ്പോൾ 'പോയി കേസ് കൊടുക്ക്, ഞാൻ ജയിലിൽ കിടന്നോളാമെന്ന" മറുപടിയാണ് ഇവർക്ക് ലഭിച്ചിട്ടുള്ളതെന്ന് മിനി ചിലബന്ധുക്കളോട് പറഞ്ഞിരുന്നു. സബ് കോൺട്രാക്ടറുടെയും ശ്രീകുമാറിന്റെ വെട്ടൂരിലുള്ള വസതിയും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയതായി പറയുന്നുണ്ട്. കുടിശ്ശിക വരുത്തിയതിനെ തുടർന്ന് തിരിച്ചടയ്ക്കുന്നതിന് ശ്രീകുമാർ പലതവണ സുഹൃത്തായ കോൺട്രാക്ടറെ ബന്ധപ്പെട്ടുവെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ജൂലായിൽ പണം തിരിച്ചടയ്ക്കുന്നതിന് ബാങ്കധികൃതർ സമ്മർദ്ദം ചെലുത്തിയിരുന്നു . അതോടെ മാനസികമായി തകർന്ന ശ്രീകുമാറിനെ മകൾ സമാധാനിപ്പിക്കുകയും സുഹൃത്തും കോൺട്രാക്ടറുമായ മറ്റൊരാളുമായി ബാങ്കിലെത്തി വായ്പ തിരിച്ച് അടയ്ക്കുന്നതിന് സാവകാശം നൽകണമെന്ന അപേക്ഷ നൽകിയിരുന്നു. ബാങ്ക് അധികൃതർ ചുരുങ്ങിയ സമയത്തേക്ക് സാവകാശം നൽകിയെങ്കിലും തുടർന്നുള്ള ദിനങ്ങളിൽ വീണ്ടും തിരിച്ചടവിന് വേണ്ടി കടുത്ത സമ്മർദ്ദം ചെലുത്തി. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ശ്രീകുമാർ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതെന്ന് കരുതുന്നു.
കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രീകുമാറും ഭാര്യ മിനിയും അടുത്ത ബന്ധുക്കളോട് ആഴ്ചകൾക്ക് മുൻപ് പറഞ്ഞിരുന്നു. .
മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ടെസ്റ്റ് പരിശോധനകൾക്കുശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. തിരുവനന്തപുരം ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിക്കും.
ആത്മഹത്യാക്കുറിപ്പ് പുറത്ത് വിട്ടില്ല
ആത്മഹത്യാക്കുറിപ്പ് പുറത്ത് വിടാതെ പൊലീസ്. ഇതിലെ ഒപ്പ് പരിശോധിക്കുന്നതിന് ബന്ധുക്കളെ കാണിക്കണമെന്ന് ആവശ്യവും പോലീസ് നിരാകരിച്ചതായും ആക്ഷേപമുണ്ട്. മരണ വീട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.