കല്ലമ്പലം: നാവായിക്കുളത്ത് പാറ കയറ്റി വന്ന ടിപ്പർ ലോറി കുളത്തിൽ മറിഞ്ഞു. നാവായിക്കുളം - തുമ്പോട് റോഡിൽ നാവായിക്കുളം ഐറ്റിൻച്ചിറയിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാവുവിള ശിവക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ കോൺക്രീറ്റ് റോഡുവഴി ടിപ്പർലോറി പോകവെ ലോറിയിലുണ്ടായിരുന്ന ക്ലീനർ താഴെയിറങ്ങി ഡ്രൈവർക്ക് സിഗ്നൽ നൽകിയെങ്കിലും വലത്തുവശത്തുള്ള കുളത്തിന്റെ പാർശ്വഭിത്തി തകർന്ന് കുളത്തിലേക്ക് മറിയുകയായിരുന്നു. കടയ്‌ക്കൽ സ്വദേശിയുടേതാണ് ടിപ്പർ ലോറി. ഇദ്ദേഹത്തിന്റെ ലോറി ആറുവർഷം മുമ്പും സമാനരീതിയിൽ ഈ കുളത്തിൽ മറിഞ്ഞിട്ടുണ്ട്.
അന്ന് തകർന്ന കുളത്തിന്റെ പാർശ്വഭിത്തി ഇദ്ദേഹം തന്നെയാണ് പുനർ നിർമ്മിച്ചത്. അതേഭാഗം തന്നെയാണ് വീണ്ടും തകർന്നത്. കല്ലമ്പലം സി ഐ, എസ്.ഐ എന്നിവടങ്ങുന്ന പൊലീസ് സംഘം സ്ഥലം സന്ദർശിച്ചു. തലകീഴായി കുളത്തിൽ മറിഞ്ഞ ലോറി ക്രെയിൻ എത്തിച്ച് ഉയർത്തി കരയിലേക്ക് മാറ്റി.