കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്‌റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം എന്നും കേസ് സി ബി ഐയ്‌ക്ക് വിടാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ, കേസിൽ ഒറ്റ എഫ് ഐ ആർ മതി എന്ന ഡി ജി പിയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്‌തു. നിക്ഷേപകർ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം.
എല്ലാ ബ്രാഞ്ചുകളും അടച്ചു പൂട്ടി സ്വർണവും പണവും കണ്ടു കെട്ടണം. പരാതികൾ പ്രത്യേക കേസുകളായി രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ പരാതികളെല്ലാം ഒറ്റക്കേസാക്കി അന്വേഷിക്കുന്നതിന് ഇറക്കിയ സർക്കുലർ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് വി.ജി. അരുൺ ആണ് കേസ് പരിഗണിച്ചത്.
കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തു നൽകിയ വിവരവും കോടതിക്കു കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിലാക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.