മാനന്തവാടി: ഓരോരുത്തർക്കും ഇഷ്മുളള പല കാര്യങ്ങളുണ്ട്. ഫോട്ടോഗ്രാഫിയിൽ,ഡാൻസിൽ, ചില മൃഗങ്ങളെയും ഒക്കെ ഇഷ്ടപ്പെടുന്നവരുണ്ട്. ഇക്കൂട്ടത്തിൽ തന്നെ മലയാളികൾക്ക് തീരെ മോശമല്ലാത്തൊരു ഇഷ്ടം കൂടിയുണ്ട്. വാഹനങ്ങളോടുളള ഇഷ്ടം. അതിൽ നമ്മുടെ സ്വന്തം ആനവണ്ടി കെ.എസ്.ആർ.ടി.സി ബസിനോട് ഇഷ്മുളളവർ നിരവധിയുണ്ട്. നല്ലൊരു പങ്കും യുവാക്കളാണ് ആ ഇഷ്ടക്കാരിലുളളത്. ഇത്തരത്തിൽ കെ.എസ്.ആർ.ടി.സി ഇഷ്ടപ്പെടുന്ന രണ്ട് സഹോദരന്മാരുടെ വീട്ടിലേക്ക് നമുക്ക് കടന്നുചെല്ലാം.
മാനന്തവാടി വള്ളിയൂർക്കാവിനടുത്തുള്ള വടക്കേവീട്ടിൽ ബാലകൃഷ്ണന്റെയും ശ്യാമളയുടേയും മക്കളായ അരുണിന്റെയും അഖിലിന്റെയും സൃഷ്ടികളായ കുഞ്ഞൻ ബസ്സുകൾ ആണ് വീട് നിറയെ. കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ഒരു മിനി പതിപ്പു തന്നെ ഇവിടെകാണാം. വലുപ്പം കൊണ്ട് കുഞ്ഞൻമാരാണെങ്കിലും വീടിനകത്ത് നിറയെ രൂപം കൊണ്ട് ആനവണ്ടിയുടെ തനിപ്പകർപ്പുകൾ.
വടക്കേവീട്ടിലെ ലൈബ്രേറിയനായ അരുണിന്റെ ആനവണ്ടി ഭ്രമവും, യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ പോളിടെക്നിക്കിൽ നിന്നു പഠിച്ച അഖിലിന്റെ ടെക്നിക്കുകളും ഇവിടെ ഒത്ത് ചേരുന്നു. സഹോദരി അഹല്യയും സഹോദരങ്ങളെ സഹായിക്കാൻ
കൂടെയുണ്ട്.
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള രൂപകല്പന മാത്രമല്ല, യാത്രക്കാരുടേയും ഡ്രൈവറുടേയും ഇരിപ്പിടങ്ങൾ പോലും അതുപോലെ തന്നെ. ചരട് കെട്ടിയ ബെല്ലും ബോർഡും മുകളിലെ കമ്പികളും ലഗേജ് റാക്കും സീലിംഗിലെ വിളക്കുകൾ പോലും തനിപ്പകർപ്പുകൾ.
ഫോം ബോർഡ് വെട്ടിയെടുത്ത് ചായം നൽകിയാണ് ഇവർ ബസ്സുകളുണ്ടാക്കുന്നത്. പന്ത്രണ്ട് ദിവസത്തോളം വേണം ഒരു ബസ്സിന്റെ പണി പൂർത്തിയാവാൻ. ആവശ്യക്കാർക്ക് ബസ്സുകൾ നിർമ്മിച്ച് നൽകുന്നുമുണ്ട് ഇവർ. 7,500 രൂപ കൊടുത്താൽ ഏത് റൂട്ടിലോടുന്ന ബസ്സും റെഡി.
ഫോൺ: അരുൺ-7736269495.