vinayan

കൊച്ചി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി ഫെഫ്‌ക ഡയറക്‌ടേഴ്സ് യൂണിയൻ. വിനയന്റെ വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ എന്നിവയുടെ ഉത്തരവുകൾക്ക് എതിരെയാണ് ഫെഫ്‌ക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം. വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ, 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ 'അമ്മ'യ്‌ക്ക് 4 ലക്ഷം രൂപയും ഫെഫ്‌കയ്‌ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവയ്‌ക്കുകയും ചെയ്‌തു.

എന്നാൽ വിനയനെതിരെ 'അമ്മ' ഇതുവരെയും മേൽനടപടികൾ സ്വീകരിച്ചിട്ടില്ല. പിഴത്തുക ആയ നാല് ലക്ഷം നൽകി തുടർ നിയമനടപടികൾ ഒഴിവാക്കാൻ ആണ് 'അമ്മ' ശ്രമിക്കുന്നത് എന്നാണ് സൂചന.

സംവിധായകൻ തുളസീദാസിന്റെ ചിത്രത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. തർക്കം രൂക്ഷമായതോടെ തന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതിൽ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകൾ നിർബന്ധിച്ച് പിന്തിരിപ്പിച്ചെന്ന ആരോപണം ഉയർത്തി വിനയൻ നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.