balabaskar-death

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ, ദൃക്സാക്ഷി കലാഭവൻ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐയുടെ തീരുമാനം.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പരിശോധനയ്ക്ക് സമ്മതമാണോയെന്ന് ആരായാൻ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ സമ്മതമറിയിച്ചാൽ കോടതി നുണ പരിശോധനയ്ക്ക് അനുമതി നൽകും.

പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെ ഇവർക്ക് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം സംശയമുന്നയിച്ചിരുന്നു. അർജ്ജുൻ മൊഴിയിൽ മലക്കം മറിയുന്നതും, ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന അപകടത്തിന്റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവൻ സോബിയുടെ മൊഴിയുമൊക്കെ മുൻനിർത്തിയാണ് നുണപരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനമെടുത്തത്.

അതേസമയം, ബാലഭാസ്‌കറിന്റെ സുഹൃത്തും, സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കർ തന്നോട് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫൻ നേരത്തെ പറഞ്ഞിരുന്നു. 2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്‌കറിന്റെ ഏക മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.