കോട്ടയം: പതിനെട്ട് വർഷമായി ഉമ്മൻചാണ്ടിയുടെ 'നെഞ്ചിടിപ്പറിഞ്ഞ' ബാഡ്‌ജുകൾ പുതുപ്പള്ളി ചൂരമ്പള്ളിൽ ബിജുവിന്റെ കൈകളിൽ ഭദ്രമാണ്. 2002 മുതൽ ഉമ്മൻചാണ്ടിയ്‌ക്ക് വിവിധ വേദികളിൽ ലഭിച്ച ബാഡ്‌ജുകൾ ശേഖരിച്ചു സൂക്ഷിക്കുന്നു ബിജു. 2500 ഓളം ബാഡ്‌ജുകൾ കൂടാതെ ടാഗുകളും വ്യത്യസ്‌തമായ മാലകളും ചൂരമ്പള്ളിൽ വീട്ടിലുണ്ട്.
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്തുമ്പോൾ സന്തത സഹചാരിയാണ് ബിജു. വേദികളിൽ നിന്നും വേദികളിലേയ്‌ക്കു കുതിക്കുമ്പോൾ ബിജുവും ഒപ്പം ഉണ്ടാകും.
2002 ൽ പുതുപ്പള്ളിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് താഴെയിറങ്ങിയ ഉമ്മൻചാണ്ടിയോട് ബിജു ജീവിതത്തിൽ ആദ്യമായി ഒരു സഹായം ചോദിച്ചു. നെഞ്ചിൽ കുത്തിയിരിക്കുന്ന ബാഡ്‌ജ് തനിക്ക് വേണം. വീട്ടിൽ കുട്ടികൾക്ക് കളിക്കാൻ കൊടുക്കാമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി അത് ബിജുവിന് നേരെ നീട്ടി.
പിന്നീട് ബിജുവിന്റെ കമ്പം മനസിലാക്കിയ ഉമ്മൻചാണ്ടി , ലോകത്ത് എവിടെ പരിപാടിയിൽ പങ്കെടുത്താലും ബാഡ്‌ജ് ബിജുവിന് എത്തിച്ചു കൊടുക്കാൻ തുടങ്ങി. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ബാഡ്‌ജുകൾ ബിജുവിന്റെ ശേഖരത്തിലുണ്ട്. രണ്ടു ചാക്ക് നിറയെ അത് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു.