swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ എൻ.ഐ.എ സംഘം പരിശോധിക്കാൻ തുടങ്ങി. കേസ് അന്വേഷണത്തിൽ ചാറ്റ് അടക്കമുളള സ്വകാര്യ തെളിവുകൾ എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ സ്വപ്‌നയ്‌ക്ക് ഉണ്ടായിരുന്ന ഉന്നതബന്ധങ്ങൾ ആരൊക്കെയായിട്ടായിരുന്നുവെന്ന് ചാറ്റിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്.

കേസിൽ പിടിക്കപ്പെ‍ട്ടതിനെ തുടർന്ന് പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. 2000 ജി.ബിയോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻ.ഐ.എ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സ്വപ്‌ന ഉന്നതരുമായി നടത്തിയ ടെലഗ്രാം വാട്‌സാപ്പ് സന്ദേശങ്ങളും നൽകിയ മൊഴിയും തമ്മിൽ പൊരുത്തപ്പെടാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ സ്വപ്‌നയുടെ മൊഴികളെല്ലാം വ്യാജമെന്ന് തെളിയിക്കുന്നതായിരുന്നു ഡിജിറ്റൽ തെളിവുകൾ.

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ ഇവർ ആശയ വിനിമയം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എൻ.ഐ.എ പ്രത്യേകം പരിശോധിക്കും. സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതോടൊപ്പം തന്നെ മറ്റ് പ്രമുഖരുമായി സ്വ‌പ്‌നയ്‌ക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസിൽ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും