1. തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും അടക്കം കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലിഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി . കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.എ സംഘം വീണ്ടെടുത്തിരുന്നു. 2000 ജിബി യോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍.ഐ.എ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയത് ആയാണ് വിവരം. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ അന്വേഷണ സംഘം പ്രത്യേകം പരിശോധിക്കുക ആണ്.
2. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും ആയി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ആശയ വിനിമയം നടന്നിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എന്‍.ഐ.എ പ്രത്യേകം പരിശോധിക്കും. സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന മുറക്ക് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതോടൊപ്പം തന്നെ മറ്റ് പ്രമുഖരുമായി സ്വപ്നക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസില്‍ സഹായകം ആയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും
3. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ദുരൂഹതകള്‍ നീങ്ങുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ നാല് പേര്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ധ സംഘം നുണ പരിശോധന നടത്തും. ബാല ഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു
4. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് ശേഷം പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആയി കരുതുന്ന അര്‍ജ്ജുന്‍ പിന്നീട് മൊഴിയില്‍ മലക്കം മറിഞ്ഞു. സംഭവം കൊലപാതകം ആണെന്നാണ് അപകടത്തിന്റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സി.ബി.ഐ സംഘത്തിന് മൊഴി നല്‍കിയത്. ഇതോടൊപ്പം ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
5. തിരുവനന്തപുരം സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ മന്ത്രി ആര് എന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണം. അതിനിടെ, മുഖ്യമന്ത്രിക്ക് എതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധം എന്ന് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ മകളേയും മരുമകനേയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണം. വീണയുടെ വിവാഹ സമയത്തെ വീഡിയോ എഡിറ്റ് ചെയ്യാതെ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വീണയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് ഫര്‍ണീച്ചര്‍ വാങ്ങി നല്‍കിയത് എവിടെ നിന്ന് എന്ന് വെളിപ്പെടുത്തണം. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വര്‍ഗീയവാദി ജലീല്‍ എന്നും സന്ദീപ് വാര്യര്‍
6. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് അവസാനമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ച് ബഹ്‌റൈനും യു.എ.ഇയുമായി ചരിത്ര കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറബ് രാജ്യങ്ങളുടെ വദേശകാര്യ മന്ത്രിമാരും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. സമസ്ത മേഖലകളിലും യു.എ.ഇ- ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോര്‍ദാനുമാണ് നേരത്തെ തന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍. ഇസ്രയേലുമായി യു.എ.ഇയും ബഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും.
7. ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ജറുസലമിലെ അഖ്സ മോസ്‌ക്കില്‍ പ്രാര്‍ഥനയ്ക്ക് എത്താന്‍ കരാര്‍ വഴിയൊരുക്കും എന്ന് ട്രംപ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പാതയില്‍ നിന്ന് സമാധാനത്തിന്റെ നാളുകളിലേക്കുള്ള തുടക്കമാണ് കരാര്‍. സമാധാനത്തിലേക്കുള്ള ചരിത്ര ദിനമാണിത്. യു.എ.ഇയുടെയും ബഹ്‌റൈന്റെയും പാതയില്‍ കൂടുതല്‍ രാജ്യങ്ങള്‍ എത്തുമെന്നും അദേഹം പറഞ്ഞു. മൂന്നു രാജ്യങ്ങളുടെയും ഉന്നത ഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. ഇസ്രയേലുമായുള്ള തമ്മിലുള്ള കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ 1972-ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമം യു.എ.ഇ റദ്ദാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്
8. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ മാനഭംഗ കേസില്‍ രഹസ്യ വിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ ഏക പ്രതിയായ ബിഷപിനെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണ നടപടികള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒന്നരവര്‍ഷത്തോട് അടുക്കുമ്പോള്‍ ആണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്
9. 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രി ബിഷപിനെതിരെ പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. നാല് മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഷപിനെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ മുളയ്ക്കല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഒന്‍പത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ 2019 ഏപ്രില്‍ എട്ടിന് അന്വേഷണ സംഘം ബിഷപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തല്‍ അന്യായമായി തടഞ്ഞു വെക്കല്‍ തുടങ്ങി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്