ചേർപ്പ്: മദ്യപിക്കാൻ വിളിക്കാത്തതിലുള്ള വിരോധം മൂലം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി കൈതാരൻ വീട്ടിൽ വർക്കി മകൻ വിജീഷ് (30)ആണ് കുത്തേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ
ഞായറാഴ്ച രാത്രി പാറക്കോവിൽ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ചായിരുന്നു വിജീഷിന് കത്തിക്കുത്തേറ്റത്.
ഓട്ടോ ഡ്രൈവറായ ജയദേവനും മരിച്ച വിജീഷും കൂടി പാറക്കോവിൽ ലക്ഷം വീട് കോളനിയിലെ സുഹൃത്തായ പ്രിയന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു.
തുടർന്ന് കോളനിയിലെ പൊതു സ്ഥലത്തുള്ള പറമ്പിലിരുന്ന് മദ്യപിച്ച ശേഷം ജയദേവന്റെ ഓട്ടോയിൽ മടങ്ങുമ്പോൾ അയൽവാസിയായ നാഥ് എന്നു വിളിക്കുന്ന അജയൻ വന്ന് ഓട്ടോ തടയുകയയായിരുന്നു. മദ്യപിക്കാൻ അജയനെ വിളിക്കാത്തതിലുള്ള വിരോധം മൂലമുള്ള വാക്കുതർക്കത്തിനിടെയാണ് വിജീഷിന് കുത്തേറ്റത്.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി സി.ഐ: മനോജ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളായ പാറക്കോവിൽ തിരുത്തിക്കാട്ടിൽ അജയൻ (29), രാഗേഷ് (28) എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾ ആരംഭിച്ചു.