ന്യൂഡൽഹി: ബാബറി മസ്ജിദ് ആക്രമണ കേസിൽ ലഖ്‌നൗ പ്രത്യേക സി.ബി.ഐ കോടതി സെപ്‌തംബർ 30ന് വിധി പറയും. എൽ.കെ അദ്വാനി ഉൾപ്പടെയുളള എല്ലാ പ്രതികളും വിധി പ്രസ്‌താവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. എൽ.കെ അദ്വാനിക്കൊപ്പം മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാഭാരതി തുടങ്ങി മുപ്പത്തിരണ്ടോളം പേർ കേസിൽ പ്രതികളാണ്.
ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിക്കുക. എല്ലാ ദിവസവും വിചാരണ നടത്തി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. എന്നാൽ വിചാരണ അന്തിമഘട്ടത്തിലാണെന്നതും ലോക്ക്‌ഡൗൺ അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. ഇതേത്തുടർന്ന് സെപ്‌തംബർ 30 വരെ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാൻ സമയം നീട്ടിനൽകുകയായിരുന്നു.
1992 ഡിസംബർ ആറിനാണ് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ബാബറി മസ്ജിദ് തകർത്തത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി പൊളിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് അദ്വാനി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കുറ്റം. അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴി മൊഴി നൽകിയിരുന്നു. എല്ലാ കുറ്റങ്ങളും അദ്വാനിയും ജോഷിയും നിഷേധിക്കുകയായിരുന്നു.