covid-drug

ന്യൂഡൽഹി: ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്. ദിനംപ്രതി രോഗബാധിതരുടെ എണ്ണവും, മരണസംഖ്യയും കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധയെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകരും അധികൃതരും. കൊവിഡിനെ പ്രതിരോധിക്കാനോ അല്ലെങ്കിൽ ചികിത്സയ്ക്കോ ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഗവേഷകർ.

ഈ സാഹചര്യത്തിൽ പ്രതീക്ഷാവഹമായ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊവിഡിനെ തടയാനും, ചികിത്സിക്കാനും കഴിയുന്ന മരുന്നിനായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത വർഷം ആദ്യം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡിന് കാരണമാകുന്ന വൈറസിനെ പൂർണ്ണമായും നിർവീര്യമാക്കാൻ കഴിയുന്ന, ഇന്നുവരെയുള്ളതിൽവച്ച് ഏറ്റവും ചെറിയ തന്മാത്രയായ ആന്റിബോഡിയെ ഗവേഷകർ കണ്ടെത്തിയെന്നാണ് സൂചന. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്ന് നിർമ്മിക്കാൻ ഗവേഷകർ ഇത് ഉപയോഗിക്കുന്നുവെന്നാണ് പിറ്റ്സ്ബർഗ് സിബിഎസ് ലോക്കലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്.

ഈ ആന്റിബോഡിയെ ഗവേഷകർ Ab8 എന്നാണ് വിളിക്കുന്നത്. 'ഇത് ഒരു വാക്സിൻ അല്ല, പക്ഷേ ഇത് ഒരു ആന്റിബോഡി, ന്യൂട്രലൈസിംഗ് ആന്റിബോഡി നൽകുന്നു. വൈറസ് നിങ്ങളെ ബാധിക്കാതിരിക്കാൻ സഹായിക്കുന്ന ഒരുതരം ആന്റിബോഡിയാണ് Ab8.അതിനാൽ ഒരു പ്രതിരോധ മാർഗമായും ഇത് പ്രവർത്തിക്കുന്നു'-ഗവേഷകർ വ്യക്തമാക്കി.


ഇതിന്റെ ഉത്പാദന ചിലവ് താരതമ്യേന കുറവായിരിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ' ഉദ്പാദനത്തിന് അധികം ചിലവ് വരില്ലെന്ന് തോന്നുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ചിലവ് കുറവാണ്'-ഗവേഷകർ പറഞ്ഞു.

Ab8 കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും ഗവേഷകർക്ക് മുന്നിൽ ചില വെല്ലുവിളികൾ ഉണ്ട്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ Ab8 നൽകണം. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരുടെ കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്നതുൾപ്പെടെ ചില വെല്ലുവിളികൾ ഗവേഷകർക്ക് മുന്നിലുണ്ട്.