shop

തിരുവനന്തപുരം: നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് വേണ്ടി സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ നിർമ്മിക്കാൻ നഗരസഭ നടപടി തുടങ്ങി. ഇത്തരത്തിൽ 10 സ്ട്രീറ്റ് വെൻഡിംഗ് കേന്ദ്രങ്ങളാണ് നഗരത്തിൽ വരുന്നത്. വഴിയോര കച്ചവടം കാരണം നഗരത്തിന്റെ വിവിധയിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഇതടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് സ്ട്രീറ്ര് വെൻഡിംഗ് സോൺ എന്ന ആശയത്തെ കുറിച്ച് നഗരസഭ ചിന്തിച്ചത്.

മൂന്ന് വെൻഡിംഗ് സോണുകൾ

നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ മൂന്ന് സ്ട്രീറ്റ് വെൻഡിംഗ് സോണുകളാണ് നഗരസഭ നിർമ്മിക്കുന്നത്. ആദ്യത്തേത് മ്യൂസിയം - സൂര്യകാന്തി റോഡിൽ (ആർ.കെ.വി റോഡ്)​ ആണ് സ്ഥാപിക്കുക. നഗരസഭയുടെ ലൈസൻസുള്ള ഇവിടെ മുപ്പതോളം കച്ചവടക്കാർക്കാണ് കച്ചവടം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. രണ്ടാമത്തെ വെൻഡിംഗ് സോൺ കോട്ടയ്ക്കകത്തെ ശ്രീചിത്തിരതിരുനാൾ പാർക്കിലാണ് സ്ഥാപിക്കുക. മൂന്നാമത്തേത് ട്രാൻസ്‌പോർട്ട് ഭവന് സമീപത്തും. മെഡിക്കൽ കോളേജിലും വെൻഡിംഗ് സോൺ സ്ഥാപിക്കും.


1.7 കോടി ചെലവിട്ടാണ് സൂര്യകാന്തി റോഡിൽ സ്ട്രീറ്റ് വെൻഡിംഗ് സോൺ നിർമ്മിക്കുന്നത്. നഗരത്തിന്റെ തനതു പൈതൃകം പൂർണമായും നിലനിറുത്തിയും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത തരത്തിലുമാകും സോണുകൾ നിർമ്മിക്കുക.സ്ട്രീറ്റ് വെൻഡിംഗ് സോൺ സ്ഥാപിക്കുമ്പോൾ സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം വെൻഡിംഗ് സോണുകളിലെ റോഡുകളെ സ്‌മാർട്ട് റോഡുകളായി വികസിപ്പിക്കും. ഇവിടം വഴി കടന്നുപോകുന്ന കേബിളുകളെ ഭൂമിക്കടിയിലേക്ക് മാറ്റുകയും ചെയ്യും. ഇതിനൊപ്പം വാഹന പാർക്കിംഗിനായി സ്ഥലവും ഒരുക്കും. ഒമ്പത് മാസം കൊണ്ട് സോൺ പൂർത്തിയാക്കാനാണ് ലക്ഷ്യം.

സ്ട്രീറ്റ് വെൻഡിംഗ് സോൺ
2014ലെ വഴിയോര കച്ചവട നിയമപ്രകാരമാണ് അംഗീകൃത തെരുവോര വിൽപന കേന്ദ്രങ്ങൾ (സ്ട്രീറ്റ് വെൻഡിംഗ് സോൺ) തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കാൻ തീരുമാനിച്ചത്. റോഡിന് വശങ്ങളിലെ അനധികൃത കച്ചവടം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് സ്‌ട്രീറ്റ് വെൻഡിംഗ് സോണുകൾക്ക് പിന്നിലുള്ളത്. 2017ൽ തന്നെ നഗരസഭ നഗരത്തിലെ തെരുവോര കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലവും വിൽക്കുന്ന സാധനങ്ങളുടെ സ്വഭാവവും അടിസ്ഥാനമാക്കിയായിരുന്നു ഇത്. കടകൾ സ്ഥിതി ചെയ്യുന്നത് വാടക കെട്ടിടത്തിലാണോ,​ താത്കാലികമായി തയ്യാറാക്കിയ പ്ളാറ്റ്ഫോമിലോ ഉന്തുവണ്ടികളിലോ എന്നതും നഗരസഭ സർവേ നടത്തി കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ കണ്ടെത്തിയ 1884 വഴിയോര കച്ചവടക്കാരിൽ 555 പേർക്ക് മാത്രമാണ് തിരിച്ചറിയൽ കാർഡുകൾ നൽകാൻ നഗരസഭയ്ക്കായത്.