പാരീസ്: കഴുത്ത് ഇറങ്ങിയ വസ്ത്രം ധരിച്ച് എത്തിയതിന് യുവതിയ്ക്ക് പ്രവേശനം നിഷേധിച്ച പാരീസിലെ 'മ്യൂസി ഓർസേ' മ്യൂസിയത്തിനെതിരെ മേൽവസ്ത്രമഴിച്ച് സ്ത്രീകളുടെ പ്രതിഷേധം.
ജീൻ ഹ്യൂവെറ്റ് എന്ന യുവതിയാണ് അപമാനിക്കപ്പെട്ടത്. അശ്ലീലം നിങ്ങളുടെ കണ്ണുകളിലാണ്' എന്ന കുറിപ്പോടെ ഫെമെൻ ഫ്രാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'സ്ത്രീകളുടെ ശരീരത്തെ ലൈംഗിക വത്കരിക്കുന്ന പ്രവണത അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി 20 'ഫെമെൻ' പ്രവർത്തകരാണ് മ്യൂസിയത്തിലെത്തി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചത്. ലിംഗ വിവേചനത്തിന് ഇരയായ എല്ലാ സ്ത്രീകൾക്കും തങ്ങൾ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വിവേചനത്തിന് ഇരയായ ജീനിന്റെ മ്യൂസിയം അധികൃതർക്കുള്ള തുറന്ന കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു പ്രതിഷേധം.
സംഭവം ഇങ്ങനെ
കഴിഞ്ഞ ചൊവ്വാഴ്ച സുഹൃത്തിനൊപ്പം 'മ്യൂസി ഓർസേ' മ്യൂസിയത്തിൽ പ്രദർശനം കാണാൻ എത്തിയതായിരുന്നു ജീൻ ഹ്യൂവെറ്റ് എന്ന 22 കാരി. എന്നാൽ, കഴുത്തിറങ്ങിയ, മാറിടം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് മ്യൂസിയത്തിൽ കയറാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഹ്യൂവെറ്റിനേയും സഹൃത്തിനേയും പ്രവേശന കവാടത്തിൽ ജീവനക്കാരൻ തടഞ്ഞു. ഇതേത്തുടർന്ന് മ്യൂസിയം അധികൃതരെ കാണണമെന്ന് ഹ്യൂവെറ്റ് ആവശ്യപ്പെട്ടു. അവരും അതേ നിലപാടെടുത്തു. വസ്ത്രത്തിനുമേൽ ജാക്കറ്റ് ധരിച്ചാൽ മ്യൂസിയത്തിൽ പ്രദർശനം അനുവദിക്കാമെന്ന് അധികൃതർ അറിയിച്ചു. പ്രദർശനം കാണേണ്ടതിനാൽ ഹ്യൂവെറ്റ് ജാക്കറ്റ് ധരിച്ചു. പിന്നീട്, ഹ്യൂവെറ്റ് തനിക്കുണ്ടായ അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഇത് വൈറലായതോടെ മ്യൂസിയം അധികൃതർ ഹ്യൂവെറ്റിനോട് മാപ്പ് അഭ്യർത്ഥിച്ചു.
'എന്റെ മാറിടം വിവാദത്തിനുള്ള കാരണമാകുമെന്ന് കരുതിയിരുന്നില്ല. ഞാൻ എന്ന വ്യക്തി മാറിടമല്ല, കേവലം ശരീരവുമല്ല. നിങ്ങളുടെ ഇരട്ടത്താപ്പ് സംസ്കാരവും അറിവും ആർജ്ജിക്കാനുള്ള എന്റെ അവകാശത്തെ തടസപ്പെടുത്തരുത്. എനിക്ക് അടി കിട്ടിയപോലെയാണ് തോന്നിയത്. നാണക്കേടുണ്ടായി. എല്ലാവരും എന്റെ മാറിടത്തിലേക്ക് നോക്കുന്നതായാണ് അനുഭവപ്പെട്ടത്."
-ഹ്യൂവെറ്റ്