swapna-and-nia

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് അടക്കം പ്രതികളെ എൻ.ഐ.എ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് സൂചന. കേസിലെ നാലാം പ്രതി സന്ദീപ് നായർ, ഏഴാം പ്രതി മുഹമ്മദ് ഷാഫി, 11ാം പ്രതി മുഹമ്മദാലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ച വരെ എൻ.ഐ.എ കസ്‌റ്റഡിയിൽ വിട്ടിരുന്നു.

ആദ്യം ചോദ്യം ചെയ്തപ്പോഴുള്ള രീതി ആയിരിക്കില്ല ഇനി എൻ.ഐ.എ സ്വീകരിക്കുക. സ്വർണക്കടത്ത് കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയും ലൈഫ് പദ്ധതിയിലെ കമ്മിഷൻ ഇടപാടിൽ മന്ത്രിപുത്രൻ അടക്കമുള്ളവർ ആരോപണവിധേയനാവുകയും ചെയ്തതോടെ കേസിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻ.ഐ.എയ്ക്ക് ഉറപ്പായിട്ടുണ്ട്. ഇതുവരെ പേര് വെളിപ്പെടുത്താത്ത മൂന്ന് പ്രമുഖരുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരൊക്കെയാണെന്ന് ചോദ്യം ചെയ്യലിൽ സ്വപ്നയെക്കൊണ്ട് പറയിക്കും. ഇതേക്കുറിച്ചുള്ള വിവരങ്ങളായിരിക്കും ഇനി എൻ.ഐ.എ സ്വപ്‌നയോട് തേടുക.പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുന്നതും എൻ.ഐ.എ ആലോചിക്കുന്നുണ്ട്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ സ്വപ്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങളെല്ലാം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചോദ്യം ചെയ്യലിന് ഡിജിറ്റൽ തെളിവുകളും

ബംഗളൂരുവിൽനിന്ന് സ്വപ്‌നയെയും സന്ദീപിനെയും എൻ.ഐ.എ അറസ്‌റ്റ് ചെയ്യുമ്പോൾ ഇവരിൽ പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽഫോണുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ എൻ.ഐ.എ ഡീകോഡ് ചെയ്തിരുന്നു. ഈ വിവരങ്ങൾ എല്ലാം ക്രോഡീകരിച്ച് എൻ.ഐ.എ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും സ്വപ്‌നയുടെയും മറ്റും ചോദ്യം ചെയ്യൽ. സി - ഡാക്കിൽ നടത്തിയ പരിശോധനയിൽ ചിത്രങ്ങളും നിർണായക വിവരങ്ങളും അടക്കം 2000 ജി.ബിയുടെ (രണ്ട് ടി.ബി) വിവരങ്ങളാണ് എൻ.ഐ.എ ഡീകോഡ‌് ചെയ്തത്. ഇതുകൂടാതെ കേസിലെ മറ്റു പ്രതികളായ ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, അൻവർ എന്നിവരിൽ നിന്നു പിടിച്ചെടുത്ത മൊബൈലുകൾ, ലാപ്ടോപ്പുകൾ എന്നിവയിൽ നിന്ന് 2000 ജി.ബി വിവരങ്ങളും എൻ.ഐ.എയ്ക്ക് ലഭിച്ചു.

മന്ത്രിയെ ഉടൻ ചോദ്യം ചെയ്യില്ല

അതേസമയം ലൈഫ് ഭവന പദ്ധതിയിൽ ഒരുകോടി കമ്മിഷൻ വാങ്ങിയെന്ന് മന്ത്രിപുത്രൻ ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ സാഹചര്യത്തിൽ ​ഒരു മ​ന്ത്രിയെ ചോദ്യം ചെയ്യാൻ എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സ്വപ്‌ന അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ മന്ത്രിയെ ചോദ്യം ചെയ്യുകയുള്ളൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ​മന്ത്രിപു​ത്ര​നു​മാ​യു​ള്ള​ ​സ്വ​പ്‌​ന​ ​സു​രേ​ഷി​ന്റെ​ ​ആ​ശ​യ​വി​നി​മ​യം​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​എൻ.ഐ.​എ​ ​വീ​ണ്ടെ​ടു​ത്തിരുന്നു. ഇതാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനം. എൻഫോഴ്സ്‌‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്.