കോഴിക്കോട്: കൊവിഡ് കാലത്ത് ഒമ്പതാം ക്ലാസുകാരൻ അഭിജിത്ത് പടിക്കലിന്റെ കവിത ശ്രദ്ധേയമാകുന്നു. മഹാമാരിയോട് കേരളം പൊരുതുന്നതിനെ കുറിച്ചും കൊവിഡിനെ അതിജീവിക്കാൻ നാം തുടരേണ്ട ശീലങ്ങളെ സംബന്ധിച്ചുമെല്ലാമാണ് മടപ്പള്ളി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്തിന്റെ കവിത. വടകരയിലെ ആധാരമെഴുത്തുകാരനായ കെ.ജെ.ശ്രീജിത്ത് പടിക്കലിന്റെയും എം.വി.പ്രഭയുടെയും ഏക മകനാണ് അഭിജിത്ത്. കവിതകളും നാടൻ രീതിയിലുള്ള കവിതകളും പലപ്പോഴായി സ്കൂൾ വേദികളിലും മറ്റും അവതരിപ്പിച്ചിട്ടുണ്ട് .അച്ഛമ്മയുടെ പ്രോത്സാഹനമാണ് കൊവിഡ് കാലത്ത് ഇങ്ങനെയൊരു കവിത എഴുതാൻ കാരണമായതെന്ന് ഈ കൊച്ചു മിടുക്കൻ പറയുന്നു. കവിത ഇതിനകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കവിത:ഒരുമ
.............:.
ആരോഗ്യ രക്ഷയ്ക്കായ് ഒന്നായി ഉണർന്നു
ഒന്നായി ഒരുമയായ് കേരള മക്കൾ
ആരോഗ്യ രക്ഷയ്ക്കായ് ഒന്നായി ഉണർന്നു
നാടുണർന്നു വീടുണർന്നു
കേരളമൊന്നായി ഉണർന്നു.
ഇവിടെ,കോവിഡിനെതിരെ -
കണ്ണി മുറിച്ചങ്ങുണർന്നു.
ഒന്നായി ഒരുമയായ് കണ്ണീർ ഒപ്പാൻ
ഏവരും ഇവിടെ അണിനിരന്നു.
തീ പുക യില്ലാത്ത വീടു നോക്കി
പട്ടിണി ഉണ്ടോന്ന് ചെന്നു നോക്കി.
അരിയായി പയറായി ചെറുപയർ
പച്ചക്കറികളുമായി.
കൂരകളിലേക്കുള്ള യാത്ര
സാന്ത്വന മേകുന്ന യാത്ര.
വമ്പനും പിമ്പന്നും ഒന്നാണെന്ന്
നമ്മെ പഠിപ്പിച്ചു കോവിഡ് .
തുപ്പരുത് തുമ്മരുത്
റോഡിൽ ചുറ്റി നടക്കരുത്
മുഖാവരണം അണിയാതെ പോകരുത്
പുത്തൻ പാഠങ്ങൾ നമ്മെ പഠിപ്പിച്ചു
ഒളിഞ്ഞിരുനെത്തുന്ന കോവിഡ്.
ഒന്നായ് ഒരുമയായ് നമ്മൾ
നടന്നു ഒന്നായ് ഒരുമയായ് തന്നെ.
എഴുതിയത്
അഭിജിത്ത് പടിക്കൽ