ജനീവ: രാജ്യത്തെ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും അകാരണമായി ആക്രമിക്കുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഐക്യരാഷ്‌ട്ര സഭയിൽ ശക്തമായ താക്കീത് നൽകി ഇന്ത്യ. 45ആമത് മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഇന്ത്യൻ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്ത്യയെ പറ്റുന്ന അവസരത്തിലെല്ലാം കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന് ശീലമായെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ഭീകരവാദത്തിന്റെ ആസ്ഥാനമായ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയോ മറ്റ് രാജ്യങ്ങളോ ഇത്തരം മനുഷ്യാവകാശ പ്രസംഗം കേൾക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
'പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജമ്മു കാശ്‌മീരിലേക്ക് തീവ്രവാദികളെ പരിശീലിപ്പിച്ച് അയച്ചിരുന്നതായി അഭിമാനത്തോടെ സമ്മതിച്ചതാണ്.' ഇന്ത്യ പറഞ്ഞു. മറ്റ് അന്താരാഷ്‌ട്ര സംഘടനകൾ ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതിനാലാണെന്നും ഇന്ത്യ അറിയിച്ചു.
പാകിസ്ഥാൻ കൈയടക്കിയ കാശ്‌മീർ ഭാഗങ്ങളിൽ തദ്ദേശീയരെ പുറത്താക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ആയിരക്കണക്കിന് സിഖ്, ക്രിസ്ത്യൻ, ഹിന്ദു മതവിശ്വാസികളെ മതപരിവർത്തനത്തിനും ഭീഷണിക്കും കൊലക്കും വിധേയരാക്കുന്നു. ഖൈബർ പഖ്തുൺഖ്വയിലും സിന്ധിലും ബലുചിസ്ഥാനിലും ഇത്തരം അക്രമങ്ങൾ പ്രതിദിനം നടക്കുന്നുണ്ട്. ഇന്ത്യ അറിയിച്ചു.
പാകിസ്ഥാനിലെ മാദ്ധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും അധികാരം ഉപയോഗിച്ച് ആക്രമിക്കുകയാണ്.ഇതിന് പല കാരണമുണ്ട്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ അനാവശ്യ ഇടപെടലുകൾ നടത്തുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ കാശ്‌മീരിനെ കുറിച്ച് നടത്തിയ പരാമർശങ്ങളെ പാകിസ്ഥാൻ സ്വന്തം ഇഷ്‌ടത്തിന് വ്യാഖ്യാനിച്ചു എന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കി അഭിപ്രായം പ്രകടിപ്പിച്ചതിനെതിരെ വസ്‌തുതകൾ അറിഞ്ഞ് തുർക്കി പ്രതികരിക്കണമെന്ന് ഇന്ത്യൻ പ്രതിനിധി ഉപദേശിച്ചു.