മോസ്കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്ഫുട്നിക് -5ന്റെ 100 ദശലക്ഷം ഡോസുകൾ റഷ്യ ഇന്ത്യക്ക് നൽകുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ അനുമതി ലഭിച്ചാലുടൻ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റഷ്യൻ വാക്സിനുകളുടെ ഇന്ത്യയിലെ ക്ളിനിക്കൽ ട്രയലുകൾ സംയുക്തമായി നടത്താൻ നീക്കമുണ്ടെന്നും 300 ദശലക്ഷം സ്ഫുട്നിക് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യയുമായി നിർമ്മാണ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തേ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പാൻ താൽപര്യപ്പെടുന്നുവെന്ന് വാക്‌സിൻ നിർമാണത്തിനായി ഫണ്ടിംഗ് നൽകിയ റഷ്യയുടെ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി ഇ ഒ വ്യക്തമാക്കിയിരുന്നു.
കസാക്കിസ്ഥാൻ, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇതിനകം തന്നെ സ്ഫുട്നിക് വാക്സിൽ വിതരണം ചെയ്യാനുളള കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റഷ്യയാണ് ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ വികസിപ്പിച്ചത്. ബഹിരാകാശത്ത് സോവിയറ്റ് യൂണിയന്റെ വിജയപതാക പാറിച്ച സ്ഫുട്നിക്കിന്റെ സ്‌മരണയുണർത്തിയാണ് വാക്സിന് ‘സ്ഫുട്‌നിക് 5’ എന്ന് പേരുനൽകിയത്. കൊവിഡിനെതിരെ ദീർഘകാലപ്രതിരോധശേഷി നൽകുന്നതാണ് വാക്സിൻ എന്നാണ് റഷ്യയുടെ അവകാശവാദം.
എന്നാൽ വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച് ഇതിനകം വിദഗ്ദ്ധർ ആശങ്ക ഉയർത്തിയിട്ടുണ്ട്. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരീക്ഷണം നടത്താതെയാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണം. പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വളരെ വേഗമാണ് പൂർത്തിയാക്കിയതെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.