suga

ടോക്കിയോ: പുതിയ ജപ്പാൻ പ്രധാനമന്ത്രിയായി യോഷിഹിഡ സുഗയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ജപ്പാൻ നിയമനിർമ്മാണ സഭയായ ഡയെറ്റിൽ ഭൂരിപക്ഷം നേടിയതോടെയാണ് 71 കാരനായ സുഗ പ്രധാനമന്ത്രിപദത്തിലെത്തിയത്. അനാരോഗ്യത്തെ തുടർന്ന് ആഗസ്റ്റ് 28ന് ഷിൻസോ ആബെ രാജി വച്ചതിനെ തുടർന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രിയായത്. ആബെയുടെ വലം കൈയ്യായാണ് സുഗ അറിയപ്പെടുന്നത്. ദേശീയ അസംബ്ലിയിൽ 465 വോട്ടിൽ 314 വോട്ടാണ് ഇദ്ദേഹം നേടിയത്. ഇനി പുതിയ ക്യാബിനറ്റ് മന്ത്രിമാരെയാണ് തിരഞ്ഞെടുക്കാനുള്ളത്. മുൻ മന്ത്രി സഭയിൽ ഉള്ളവർ തന്നെയായിരിക്കും കൂടുതൽ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെടുകയെന്നാണ് റിപ്പോർട്ട്.

സാധാരണക്കാരുടെയും കർഷകരുടെയും താത്പര്യങ്ങൾ നിറവേറ്റാമെന്ന് സു​ഗെ വാ​ഗ്ദാനം ചെയ്തു. ആബെയുടെ സാമ്പത്തിക നയങ്ങൾ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് റിപ്പോർട്ട്.

ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ അദ്ധ്യക്ഷനായി സുഗയെ കഴിഞ്ഞയാഴ്ച തിരഞ്ഞെടുത്തിരുന്നു. 534ൽ 377 വോട്ടുകൾ നേടിയാണ് യോഷിഹിതെ സുഗ പാർട്ടിത്തലപ്പത്തെത്തിയത്.

മുൻ പ്രതിരോധ മന്ത്രി ഷി​ഗെ​രു​ ​ഇ​ഷി​ബ,​ ​മു​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​ഫ്യൂ​മി​യോ​ ​കി​ഷി​ദ​ ​എ​ന്നി​വ​രായിരുന്നു തിരഞ്ഞെടുപ്പിൽ സുഗയുടെ പ്രധാന എതിരാളികൾ.

ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് കക്ഷികളിലും ഒരേപോലെ സമ്മതനായ നേതാവാണ് സുഗ. അ​ഭി​പ്രാ​യ​ ​വോ​ട്ടെ​ടു​പ്പി​ലും​ ​ജനങ്ങളുടെ പിന്തുണ ​സുഗയ്ക്കായിരുന്നു.

അഭിനന്ദിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ സുഗയെ അഭിനന്ദിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാൻ കഴിയട്ടെ എന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.