റിയാദ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. കരാർ പ്രകാരമുള്ള വേതനം തൊഴിലാളികൾക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ അവസാന ഘട്ടം ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അവസാന ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്നത് ഒന്ന് മുതൽ നാലുവരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളാണ്.
എല്ലാ മാസവും ശമ്പളം തൊഴിലാളികളും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. കൃത്യ സമയത്ത് ശമ്പളം നൽകാതിരിക്കൽ,ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത ശമ്പളവും അടിസ്ഥാന വേതനവും തമ്മിൽ വ്യത്യാസം വരിക തുടങ്ങിയവ വേതന സുരക്ഷാ പദ്ധതിപ്രകാരം നിയമ ലംഘനങ്ങളാണ്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനത്തിന് ഓരോ തൊഴിലാളിയുടെയും പേരിൽ മുവായിരം റിയാൽ വീതം പിഴ നൽകേണ്ടി വരും. കൂടാതെ മൂന്ന് മാസം ശമ്പളം നൽകാതിരുന്നാൽ തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സ്‌പോൺസർഷിപ്പ് മാറ്റം നടത്താൻ തൊഴിലാളിക്കു അനുമതിയണ്ടാവും. മുവായിരമോ അതിലധികമോ പേർ ജോലി ചെയ്യുന്ന കമ്പനികളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്.