തിരുവനന്തപുരം: പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിൻ ഉത്പാദനം സംസ്ഥാന സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മനുഷ്യരിലും മൃഗങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന പേവിഷ പ്രതിരോധ മരുന്നു നിർമ്മാണത്തിനുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു. ഹരിതകേരള മിഷന്റെ സഹായത്തോടെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനവും സൗരോർജ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.സി. മധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഇ.ജി. പ്രേംജെയിൻ, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ബേബി ജോസഫ് എന്നിവർ സംസാരിച്ചു.