oommen-chandy-kunhalikutt

തിരുവനന്തപുരം: കാണുന്നവർക്കെല്ലാം ഉമ്മൻചാണ്ടി സ്വന്തം ആളാണ്. അത്ര അടുപ്പം ജനങ്ങളോട് സൂക്ഷിക്കുന്ന നേതാവാണ് അദ്ദേഹം. ജനങ്ങളോട് ഇത്രയും ബന്ധം സൂക്ഷിക്കുമ്പോഴും തന്റെ ദൈനംദിന കാര്യങ്ങൾ പെൻഡിംഗിൽ വയ്‌ക്കാതെ അപ്പോൾ തന്നെ ചെയ്‌തു തീർക്കുന്ന നല്ലൊരു ഭരണാധികാരി കൂടിയാണ് അദ്ദേഹം. ഒരേ സമയം കേൾക്കുകയും ഒരേ സമയം കാണുകയും ഒരേ സമയം ശ്രദ്ധിച്ച് കുറിപ്പെഴുതുകയും ഒക്കെ കൂടെയാണ് ഉമ്മൻചാണ്ടി ചെയ്യുന്നത്. ഭക്ഷണത്തിനും ഉറക്കത്തിനും വസ്ത്രം മാറലിനും ഒന്നിനും പ്രത്യേക സമയങ്ങളില്ല. ഇതെല്ലാം ആളുകൾക്കിടയിൽ നിന്ന് ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസമാണ് അദ്ദേഹം.

മീറ്റിംഗുകളിൽ വർത്തമാനം പറഞ്ഞു പോവുകയെന്നതിനപ്പുറം പറഞ്ഞ വർത്തമാനം നടപ്പിലാക്കാൻ നോക്കുന്ന ഒരു പ്രായോഗിക തലം ഉമ്മൻചാണ്ടിക്കുണ്ട്. അദ്ദേഹം നിരന്തരം ഫോളോ ചെയ്‌ത് പൂർത്തിയാക്കിയ പദ്ധതിയാണ് കൊച്ചി മെട്രോ. ഉമ്മൻചാണ്ടി പങ്കെടുക്കുന്ന എത്ര വലിയ മീറ്റിംഗും അഞ്ച് മിനിറ്റ് കൊണ്ടു തീരും. പക്ഷേ, അതിനുള്ളിൽ തീരുമാനമെടുത്തിരിക്കും.

ലീഗ് പരിപാടിയിൽ ആളെക്കൂട്ടുന്ന ഒ.സി

മുസ്ലീം ലീഗും പാണക്കാട് കുടുംബവുമായുളള ഉമ്മൻചാണ്ടിയുടെ ബന്ധം വളരെ സുദൃഢമാണ്. അതിനെക്കാൾ ലീഗ് അണികളുമായുളള അദ്ദേഹത്തിന്റെ ബന്ധമാണ് എടുത്തുപറയേണ്ടത്. ഒരു ലീഗ് നേതാവിനെ വിളിക്കുന്ന അതേ സ്‌പിരിറ്റിൽ ഞങ്ങളുടെ പരിപാടികളിൽ ഉമ്മൻചാണ്ടിയെ വിളിക്കാൻ സാധിക്കും. ലീഗിന്റെ പൊതുയോഗങ്ങളിൽ ഉമ്മൻചാണ്ടി പങ്കെടുക്കുന്നുവെന്ന് പറഞ്ഞുകഴിഞ്ഞാൽ പിന്നെ ലീഗ് നേതാക്കളുടെ ആവശ്യം അവിടെയില്ല. ഉമ്മൻചാണ്ടി വരുന്നുവെന്ന് പറഞ്ഞാൽ ലീഗ് പരിപാടിയ്ക്ക് ആളുകൾ കൂടും. കോൺഗ്രസിന്റെ പരിപാടികളിൽ പോകുന്നത് പോലെയാണ് അദ്ദേഹം ലീഗിന്റെ പരിപാടികൾക്ക് പോകുന്നത്.

കേരളത്തിന്റെ കുഞ്ഞൂഞ്ഞ്

'കുഞ്ഞാപ്പ, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി' (കു, കു, കു) എന്ന പ്രയോഗം അന്നത്തെ പ്രതിപക്ഷം വിമർശനാത്മകമായി ഞങ്ങൾക്കെതിരെ കൊണ്ടുവന്നതാണ്. കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും ചേർന്നാണ് കേരളം ഭരിക്കുന്നത് എന്നായിരുന്നു അവരുടെ കളിയാക്കൽ. പക്ഷേ, അത് പോസിറ്റീവ് ആംഗിളിൽ ജനങ്ങൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. നല്ല പ്രാസം ഒപ്പിച്ച് ഒരു മനോഹാരിതയ്ക്ക് വേണ്ടി ഭാവനാസൃഷ്‌ടിയിൽ ആർക്കോ തോന്നിയതാണെങ്കിലും ഒരു കാലത്ത് അത് കേരളത്തിൽ വളരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ, ആ സമയത്തും മികച്ച് നിന്നത് കുഞ്ഞൂഞ്ഞ് തന്നെയാണ്. കുഞ്ഞൂഞ്ഞിന്റെ ലീഡർഷിപ്പിന് കുഞ്ഞാപ്പയും കുഞ്ഞുമാണിയും പിന്തുണ കൊടുക്കുകയാണ് ചെയ്‌തത്. ഉമ്മൻചാണ്ടി പുതുപ്പളളിയുടേയും കോട്ടയത്തിന്റേയും മാത്രമല്ല കേരളത്തിന്റെയാകെ കുഞ്ഞൂഞ്ഞാണ്.

ആ വിളിയും മന്ത്രിസഭയും

ഒരാളുടെ ഭൂരിപക്ഷത്തിൽ രൂപീകരിച്ച 2011ലെ മന്ത്രിസഭയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം. അത് ശ്രമകരമായ ജോലിയായിരുന്നു. ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്ന് സംശയിച്ച് നിന്ന സമയത്ത് ഉമ്മൻചാണ്ടിയുമായി ഞാൻ നടത്തിയ ടെലിഫോൺ സംഭാഷണമുണ്ട്. ആ സംഭാഷണം അവസാന ശ്വാസം വരെയും ഞാൻ മറക്കില്ല. തൃത്താല, പിറവം മണ്ഡലങ്ങളുടെ ഫലം മാത്രമാണ് അവസാന നിമിഷം അറിയാൻ ബാക്കിയുണ്ടായിരുന്നത്. അന്ന് ഒരു വെളളിയാഴ്ചയായിരുന്നു. ഒന്നുകിൽ ഭരണം അങ്ങോട്ട് അല്ലെങ്കിൽ ഇങ്ങോട്ട് എന്ന അവസ്ഥ. ഞാൻ ഏതായാലും പളളിയിൽ പോയി വരാമെന്ന് ഉമ്മൻചാണ്ടിയോട് പറഞ്ഞു. പള്ളിയിൽ പോയി കഴിഞ്ഞാൽ അരമണിക്കൂർ പ്രാർത്ഥന കഴി‌ഞ്ഞേ പുറത്തെ കാര്യങ്ങൾ അറിയാൻ കഴിയുകയുളളൂ. പിറവവും തൃത്താലയും ജയിക്കുകയും തോൽക്കുകയും ചെയ്യുന്ന മണ്ഡലങ്ങളാണ്. എന്താ ചെയ്യുകയെന്ന് ഞാൻ ഉമ്മൻചാണ്ടിയോട് ചോദിച്ചു. വി.എസ് എന്റെ നേരെ വാളെടുത്ത് നിൽക്കുന്ന ഒരു ഘട്ടം കൂടിയായിരുന്നു അത്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും ഒരു കാലമാകും പിന്നീട് ഉണ്ടാവുക. എന്തോ ആവട്ടെയെന്ന് വിഷമത്തോടെ ഞാൻ ഉമ്മൻചാണ്ടിയോട് പറഞ്ഞു. ആ നിമിഷം അദ്ദേഹത്തിന്റെ ഒരു സമാധാനിപ്പിക്കലുണ്ട്. വരട്ടെ നമുക്ക് നോക്കാം, ഒന്നുകിൽ ഭരണം അല്ലെങ്കിൽ പ്രതിപക്ഷം, നമുക്ക് ഫൈറ്റ് ചെയ്യാമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. ആ സ്പിരിറ്റിലാണ് ഞാൻ പള്ളിയിൽ പോയത്. തിരിച്ച് വന്നയുടൻ വാർത്തകളൊന്നും കാണാതെ ഞാൻ ആദ്യം വിളിച്ചതും ഉമ്മൻചാണ്ടിയെ തന്നെയാണ്. രക്ഷപ്പെട്ടു, രണ്ടിടത്തും നമ്മൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും എന്റെ ചോദ്യം എങ്ങനെ ഈ സർക്കാരിനെ കൊണ്ടുപോകുമെന്നായിരുന്നു. പക്ഷേ ആ മന്ത്രിസഭ അഞ്ച് വർഷം ഭരിച്ചു. ഭരണത്തുടർച്ച കിട്ടിയില്ലെങ്കിലും അതിന്റെ വക്കോളം ആ സർക്കാരിനെ എത്തിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ആ സർക്കാരിന് കഴിഞ്ഞു.