ജമ്മു: പോലീസ് യൂണിഫോമിട്ട് നഗരത്തില്‍ കറങ്ങി നടന്നയാളെ അറസ്റ്റ് ചെയ്ത് ജമ്മു പോലീസ്. പോലീസ് സേനയില്‍ ചേരാനുള്ള ആഗ്രഹമാണ് ഇയാളെ ഈ വിചിത്ര കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ ആള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ദോഡയിലാണ് പോലീസ് യൂണിഫോമില്‍ കറങ്ങിനടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകൾ. 'ഇയാള്‍ നഗരത്തിലൂടെ യൂണിഫോമിട്ട് കറങ്ങി നടക്കുകയായിരുന്നു. ഇയാള്‍ക്ക് പോലീസില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബിബ്‌നോതാ സ്വദേശിയായ നീരജ് കുമാര്‍ (28) എന്നയാളാണ് അറസ്റ്റിലായതെന്നും ഇയാള്‍ ഡിഫന്‍സ് ലേബര്‍ പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എസ് ഐ ചമഞ്ഞ് ഗ്രാമപ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിലും മറ്റും ഇയാള്‍ സന്ദര്‍ശനം നടത്തി വരികയായിരുന്നുവെന്നും ഡി.വൈ.എസ്.പി മനോജ് കുമാര്‍ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സ്വന്തമായി യൂണിഫോം തയ്പ്പിച്ച് നെയിം പ്ലേറ്റ് അടക്കം ഇയാള്‍ സംഘടിപ്പിച്ചതായും പോലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ യൂണിഫോമിലുള്ള ഇയാളുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. യൂണിഫോമും നെയിം പ്ലേറ്റും ഇയാള്‍ എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന് പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഐ.പി.സി സെക്ഷന്‍ 419, 170, 171 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.