ന്യൂഡൽഹി : പൗരത്വഭേദഗതി നിയമവുമായി ( സി.ഐ.എ) ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപ കേസിൽ 15 പേർക്കെതിരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കുറ്റപത്രം സമർപ്പിച്ചു. യു.എ.പി.എ നിയമവും ആയുധ നിയമവും ഉൾപ്പെടെ ചുമത്തിയാണ് കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. ഈസ്റ്റ് ഡൽഹിയിലെ കർകർദൂമ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് 17,500 പേജുകളാണുള്ളത്.
അതേ സമയം, നേരത്തെ അറസ്റ്റിലായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലില്ല. ഇവരുടെ പേര് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷം വർഗീയ കലാപത്തിലേക്ക് വഴിവച്ചത്. 53 പേർ കലാപത്തനിടെ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്കാണ് വീടുകൾ നഷട്മായത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കലാപത്തിൽ നശിപ്പിക്കപ്പെട്ടത്.
25 വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഗൂഡാലോചന നടത്തിയവർ കലാപത്തിന്റെ ആസൂത്രണങ്ങൾ നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി 24 മുതലുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. കൂടാതെ സാങ്കേതിക തെളിവുകൾ ഉൾപ്പെടെയുള്ള രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ അന്വേഷണം തുടരുകയാണ്.
ജെ.എൻ.യു വിദ്യാർത്ഥികളായ ദേവാംഗന കാലിത, നടാഷ നർവാൾ, ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ, മുൻ കോൺഗ്രസ് കൗൺസിലർ ഇഷ്രത് ജഹാൻ, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ആയ സഫൂറ സാർഗർ, മീറൻ ഹൈദർ, സസ്പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി തുടങ്ങിയവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.