ഏതൻസ്: ഗ്രീസിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ കുടിയേറ്റക്കാരും ഗ്രീക്ക് അധികൃതരും തമ്മിൽ നിലനിൽക്കുന്ന പ്രതിസന്ധി വർദ്ധിച്ചു. ക്രേറ്റേ ദ്വീപുകളിലെ തിംപാക്കി മുസ്‌ളിം പളളിയിൽ നഗര അധികൃതർ എത്തി പ്രദേശത്ത് മോശമായി പെരുമാറിയ 30ഓളം പാക് പൗരന്മാരെ കസ്‌റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഏതൻസിലെ പാകിസ്ഥാൻ ഏജൻസിയുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്.
ഓഗസ്‌റ്റ് അവസാനം ജോലി സ്ഥലത്ത് വച്ച് ഏതൻസ് സ്വദേശിനിയായ യുവതിയോട് ഒരു പാക് പൗരൻ അപമര്യാദയായി പെരുമാറിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.തുടർന്ന് തിംപാക്കി പളളിയിലേക്കെത്തിയ 300ഓളം തദ്ദേശീയരായ യുവാക്കൾ പാകിസ്ഥാൻ കുടിയേറ്റക്കാരെ ആക്രമിച്ചു. 25-30 പാക് സ്വദേശികളെ തടവിലാക്കി.തുടർന്ന് പാകിസ്ഥാൻ ഏജൻസിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർ മോചിതരായത്. ഗ്രീസ് പൗരന്മാരുടെ ഈ ആക്രമണം വംശീയ അധിക്ഷേപമാണെന്ന് ഗ്രീസിലെ പാകിസ്ഥാൻ വംശജരുടെ സംഘടനാ പ്രസിഡന്റ് ജാവേദ് അസ്ളം അരിയാൻ പറഞ്ഞു.
10000ത്തോളം പാകിസ്ഥാൻ,അഫ്ഗാൻ കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാനാണ് ഗ്രീസിന്റെ തീരുമാനം.ജുലായ് മാസത്തിൽ 30ഓളം അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തിയിരുന്നു.