covid-cases

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ കുതിപ്പ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 14 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 480 ആയി. 3830 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2263 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 610 ആയി. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചു.


രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് നിരീക്ഷണത്തിലുള്ളത്.1,87,958 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,079 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിലായി 32709 പേരാണ് ചികിത്സയി കഴിയുന്നത്. തിരുവനന്തപുരം 5760, കൊല്ലം 2682, പത്തനംതിട്ട 1198, ആലപ്പുഴ 2300, കോട്ടയം 2245, ഇടുക്കി 2245, എറണാകുളം 3240, തൃശൂര്‍ 2220, പാലക്കാട് 1551, മലപ്പുറം 3102, കോഴിക്കോട് 3277, വയനാട് 521, കണ്ണൂര്‍ 2365, കാസര്‍കോട് 1744 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.


84,608 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തേക്ക് ആളുകള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത ഉയര്‍ന്ന തോതിലാണ്. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് ബാധ രൂക്ഷമാകുകയാണ്. ഇന്ന് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.


കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 46,162 സാമ്പിളുകള്‍ പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍.ഐ.എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,451,39 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.