തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് അറിയിച്ച് ധനമന്ത്രി തോമസ് ഐസക്. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ആറുമാസം കൂടി ശമ്പളം പിടിക്കാനാണ് തീരുമാനം. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലും മന്ത്രി ഈക്കാര്യം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ സർവീസ് സംഘടനകൾ ഇതിനെതിരെ നിലപാടുമായി രംഗത്തെത്തി.
ജീവനക്കാരിൽ നിന്നും പിടിക്കുന്ന ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഇപ്രകാരം പി.എഫില്‍ ചേർത്ത തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാവുന്നതാണ്. പി.എഫില്‍ ലയിപ്പിക്കുന്നതു വരെ ഒമ്പത് ശതമാനം പലിശ നല്‍കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. അതേസമയം ജീവനക്കാരിൽ നിന്നും ഇനിയും വേതനം പിടിക്കാൻ പാടില്ലെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ സംഘടനകൾ നിലപാടെടുത്തു.