kerala-

മാറ്റുന്ന തുക പി.എഫിൽ  9ശതമാനം പലിശ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഈ മാസം ഒന്ന് മുതൽ ആറ് മാസത്തേക്ക് കൂടി തുടരാനും ഈ തുക അടുത്ത ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കാനും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഓരോ മാസവും ആറു ദിവസത്തെ ശമ്പളമാണ് മാറ്റുന്നത്. 5.35ലക്ഷം ജീവനക്കാർക്കാണ് ബാധകം.

ആറു മാസം ശമ്പളം പിടിക്കാനുള്ള ആദ്യ തീരുമാനം ഏപ്രിൽ മുതൽ സെപ്തംബർ വരെയായിരുന്നു. ഇതാണ് ആറു മാസം കൂടി നീട്ടിയത്. ശമ്പളം പിടിക്കൽ ഒരു വർഷമാക്കുമെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ്-19 ഇൻകം സപ്പോർട്ട് സ്കീം എന്ന പേരിലാകും ശമ്പളം മാറ്റിവയ്ക്കൽ. തുക പി.എഫിൽ ലയിപ്പിക്കുന്നതുവരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. പി.എഫിൽ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കിലാകും പലിശ. പി.എഫിൽ ലയിപ്പിക്കുന്ന തുക അടുത്ത ജൂൺ ഒന്നിന് ശേഷമേ പിൻവലിക്കാനാവൂ.

മാറ്റിവച്ച തുക ഉടൻ പണമായി നൽകിയാൽ 2500 കോടിയുടെ അധികബാദ്ധ്യതയുണ്ടാവും. അതുകൊണ്ടാണ് പി.എഫിൽ ലയിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇതിന്റെ ബാദ്ധ്യതയാകെ ഇനി വരുന്ന സർക്കാരിന്റെ മേലാകും.

കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികസ്ഥിതി വിലയിരുത്താനായി നിയോഗിച്ച, മുൻ ചീഫ്സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികളുടെ ശുപാർശയാണ് പരിഗണിച്ചത്. രാവിലെ മന്ത്രിസഭായോഗമെടുത്ത തീരുമാനം വൈകിട്ട് ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്തശേഷമാണ് അന്തിമമായി പ്രഖ്യാപിച്ചത്. മന്ത്രിസഭയിൽ ധനമന്ത്രി തോമസ് ഐസക് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സംഘടനകളുമായി ചർച്ച നടത്തിയിട്ട് മതി തീരുമാനമെന്ന നിർദ്ദേശമുയരുകയായിരുന്നു. പ്രതിപക്ഷസംഘടനകൾ എതിർത്തു

salry
വീണ്ടും സാലറികട്ടുണ്ടാകുമെന്ന് കേരളകൗമുദി ആഗസ്റ്റ് 3ന് പ്രസിദ്ധീകരിച്ച വാർത്ത

.

മറ്റ് തീരുമാനങ്ങൾ

 പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ 1ന് ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി നൽകും

 മാറ്റിവച്ച ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കുമെന്ന വ്യവസ്ഥയിൽ ഈ മാസം മുതലനുവദിക്കും. ഇത് ജൂൺ ഒന്നു മുതൽക്കേ പിൻവലിക്കാനാവൂ

 അടുത്ത സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ ഒന്നു മുതൽ മാത്രം