ന്യൂഡൽഹി: എസ്.ബി.ഐയുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം 20 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ. ബാങ്ക് അക്കൗണ്ട് തുറന്ന് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനൊപ്പം ചില ഇന്‍ഷുറന്‍സ് പരിരക്ഷയും ഉപഭോക്താക്കള്‍ക്ക് നേടാനാകും. ഏത് കാര്‍ഡ് ആണോ ഉപയോഗിക്കുന്നത് അതിനനുസരിച്ച് ഇന്‍ഷുറന്‍സ് കവറേജ് കൂടും. ക്ലെയിം നേടാന്‍ ചില നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ ബാധകവുമായിരിക്കും. ഇനി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.
പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്
അപകടം നടക്കുന്നതിന് 90 ദിവസം മുമ്പ് ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോമില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടം നടന്നതുമുതല്‍ ഡെബിറ്റ് കാര്‍ഡ് ഉടമയുടെ മരണം വരെ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതായിരിക്കും. വിമാന അപകടങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.
വ്യക്തിഗത എയര്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ്
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ വിമാനത്തില്‍വച്ചുണ്ടാകുന്ന എല്ലാത്തരം അപകടങ്ങള്‍ക്കും വ്യക്തിഗത എയര്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് പ്രകാരം പരിരക്ഷ ലഭിക്കുന്നതായിരിക്കും. ഡെബിറ്റ് കാര്‍ഡ് ഉടമയുടെ മരണം വരെ ഈ പരിരക്ഷ ലഭിക്കും.
സാധനങ്ങള്‍ക്ക് പരിരക്ഷ
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ വസ്തുക്കള്‍ വീട്ടില്‍ നിന്നോ വാഹനത്തില്‍ നിന്നോ മോഷണം പോയാല്‍ ഈ ഇന്‍ഷുന്‍സ് പരിരക്ഷ നേടാം. എന്നാല്‍ പരിരക്ഷ ലഭിക്കണമെങ്കില്‍ മോഷണം പോയ വസ്തുക്കള്‍ മോഷണത്തിന് 90 ദിവസം മുമ്പ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയതായിരിക്കണം. ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവ മോഷണം പോയാല്‍ ഈ ആനുകൂല്യം ലഭിക്കില്ല.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വിമാന ടിക്കറ്റ് വാങ്ങിയതെങ്കില്‍ വിമാന കമ്പനി നല്‍കുന്ന പരിരക്ഷയ്ക്ക് പുറമേ ബാങ്ക് അധികമായി ഇന്‍ഷുറന്‍സ് കവര്‍ നല്‍കും. ഗോള്‍ഡ് (മാസ്റ്റര്‍കാര്‍ഡ് / വിസ), യുവ (വിസ), പ്ലാറ്റിനം (മാസ്റ്റര്‍കാര്‍ഡ് / വിസ), പ്രൈഡ് (മാസ്റ്റര്‍കാര്‍ഡ് / വിസ), പ്രീമിയം (മാസ്റ്റര്‍കാര്‍ഡ് / വിസ,) സിഗ്‌നേച്ചര്‍ (വിസ) തുടങ്ങിയ എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 25000 രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക.