ഇസ്ലാമബാദ്: ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിനിടെ സ്വന്തം കാണികളിൽ നിന്നുപോലും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് പാക് പേസർ റാണ നവേദ് ഉൾ ഹസ്സൻ. കൗണ്ടിയിൽ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന ഇംഗ്ലണ്ട് താരവും പാക് വംശജനുമായ അസിം റൗഫിന്റെ വെളിപ്പെടുത്തൽ ശരിവച്ചു കൊണ്ടാണ് നവീദുൾ ഹസ്സന്റെ വെളിപ്പെടുത്തൽ. യോർക്ക് ഷെയറിൽ റഫീഖും നവീദും ഒരുമിച്ച് കളിച്ചിട്ടുണ്ട്.
യോർക്ക്‌ഷെയറിനായി കളിക്കുന്നതിനിടെ സ്വന്തം കാണികളിൽ നിന്നും വംശീയ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലായിരുന്നെന്നും അസീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
യോർക്ക്‌ഷെയർ ക്ലബ് അടിസ്ഥാനപരമായി വംശവെറിയൻമാരാണെന്നും ആ വസ്തുത അംഗീകരിക്കാൻ തയ്യാറല്ലെന്നും അതിൽ നിന്ന് മാറാൻ സന്നദ്ധരല്ലെന്നും അസീം പറഞ്ഞിരുന്നു. അസീമിന്റെ ആരോപണങ്ങൾ പൂർണമായും ശരിവയ്ക്കുന്നുവെന്നാണ് നവീദുൾ ഹസ്സൻ പറഞ്ഞു.
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാനൊരിക്കലും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം വിദേശ താരങ്ങൾ എന്ന നിലയ്ക്ക് ഞങ്ങളെല്ലാം അവിടത്തെ താത്കാലിക താരങ്ങൾ മാത്രമായിരുന്നു. അതിനാൽ തന്നെ കളിയിൽ മാത്രമായിരുന്നു ശ്രദ്ധ. കരാർ അപകടത്തിലാക്കാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. - ഇ.എസ്.പി.എൻ ക്രിക്ഇൻഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ റാണപറഞ്ഞു.
മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വരുമ്പോൾ പിന്തുണയ്ക്കേണ്ട ആരാധകർ അതിന് പകരം ഏഷ്യൻ വംശജരായ താരങ്ങളെ 'പാക്കി' പോലുള്ള വാക്കുകൾ വിളിച്ച് വംശീയമായി അധിക്ഷേപിക്കുകയാണ് ചെയ്യുകയെന്നും റാണ കൂട്ടിച്ചേർത്തു.
മികച്ച പ്രകടനം നടത്തുകയാണെങ്കിൽ നിങ്ങൾക്ക് അവിടെ നിങ്ങളുടേതായ ഒരു ഇടമുണ്ടാകും. മറിച്ചായാൽ അവരുടെ സമീപനം വളരെ ഭീകരമായിരിക്കുമെന്നും ചെറിയ ഹോട്ടൽ മുറിയൊക്കെ തന്ന് വ്യക്തമായ വിവേചനം അവർ കാണിക്കുമെന്നും റാണ വ്യക്തമാക്കി.